തനിമ ഹജ്ജ് വോളന്റിയര്‍ പരിശീലനം സംഘടിപ്പിച്ചു
Saturday, September 19, 2015 7:06 AM IST
ജിദ്ദ: തനിമ ഹജ്ജ് വോളന്റിയര്‍ സംഗമം ഈ വര്‍ഷം സേവനത്തിറങ്ങുന്ന നാനൂറോളം വോളന്റിയര്‍മാര്‍ക്കു പരിശീലനം സംഘടിപ്പിച്ചു. ജിദ്ദ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സനായ കാര്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ ഓപ്പറേഷന്‍ മാനേജര്‍ ഷെയ്ഖ് സായിദ് ഉദ്ഘാടനം ചെയ്തു. അല്ലാഹുവിന്റെ അതിഥികളെ നിസ്വാര്‍ഥമായി സേവിക്കുന്ന 15 വര്‍ഷമായി തുടരുന്ന ഈ സത്കര്‍മം വളരെ മഹത്തരവും അഭിനന്ദനാര്‍ഹവുമാണെന്നും അല്ലാഹുവിന്റെ സന്നിധിയിലിത് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അറബിയിലുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം മലയാള വിഭാഗം അധ്യക്ഷന്‍ ഉണ്ണീന്‍ മൌലവി പരിഭാഷപ്പെടുത്തി. വോളന്റിയര്‍ കാര്‍ഡ് വിതരണം പബ്ളിക് റിലേഷന്‍സ് മാനേജര്‍ ഷെയ്ഖ് ബാബക്കര്‍, വോളന്റിയര്‍ ക്യാപ്റ്റന്‍ സാജിദ് പാറക്കലിന് നല്‍കി ഉദ്ഘാടനം ചെയ്തു. തനിമ സൌദി അധ്യക്ഷന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

കിഴക്കന്‍, മധ്യ പ്രവിശ്യകളില്‍ നിന്നുവരുന്ന വോളന്റിയര്‍മാക്കുകൂടി പ്രയോജനം ചെയ്യുന്ന നേതൃപരമായ പങ്കുവഹിക്കാന്‍ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ സി.എച്ച്. ബഷീര്‍ നിര്‍ദേശങ്ങള്‍ നല്‍കി. ജനറല്‍ ക്യാപ്റ്റന്‍ സാജിദ് പാറക്കല്‍ മാപ് റീഡിംഗ് നടത്തി. സൌത്ത് സോണ്‍ അധ്യക്ഷന്‍ സഫറുള്ള, അസിസ്റന്റ് കണ്‍വീനര്‍ നജ്മുദ്ദീന്‍, അസിസ്റന്റ് ക്യാപ്റ്റന്‍ സിറാജ് അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി. നോര്‍ത്ത് സോണ്‍ അധ്യക്ഷന്‍ അബ്ദുഷുക്കൂര്‍ അലി സ്വാഗതവും എന്‍ജിനിയര്‍ മൂസക്കുട്ടി ഖിറാഅത്തും നടത്തി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍