ലുലു ഇന്റര്‍നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസത്തിനു മികച്ച ടൂറിസത്തിനുള്ള അവാര്‍ഡ്
Friday, September 18, 2015 6:30 AM IST
ന്യൂഡല്‍ഹി: ഏറ്റവും നല്ല അന്തര്‍ദേശീയ (വെസ്റ് ഏഷ്യ ആന്‍ഡ് ആഫ്രിക്ക) 2013-14 വര്‍ഷത്തെ ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡ് ലുലു ഇന്റര്‍നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം കരസ്ഥമാക്കി.

രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ പ്രണവ് കുമാര്‍ മുഖര്‍ജിയില്‍നിന്നും ലുലു ഗ്രൂപ്പ് കൊമേഴ്സ്യല്‍ മാനേജര്‍ അഭിലാഷ് വലിയവളപ്പില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ബിജു നായര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ കേന്ദ്ര ടൂറിസം, സാംസ്കാരിക സഹമന്ത്രി ഡോ. മഹേഷ് ശര്‍മ സന്നിഹിതനായിരുന്നു.

ഇന്ത്യന്‍ ടൂറിസം മന്ത്രാലയം എല്ലാ വര്‍ഷവും ട്രാവല്‍ ആന്‍ഡ് ടൂറിസം ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന മികച്ച സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയതാണ് ദേശീയ ടൂറിസം അവാര്‍ഡ്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത ഹോട്ടലുകള്‍, ഹെറിട്ടേജ് ഹോട്ടലുകള്‍, അംഗീകാരമുള്ള ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂറിസ്റ് ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, സ്വകാര്യ സംരംഭകര്‍ എന്നിവരില്‍നിന്നും കഴിവുതെളിയിച്ചവരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള