നാമം മഞ്ച് ഓണാഘോഷം സെപ്റ്റംബര്‍ 19ന്, ജോര്‍ജ് തുമ്പയിലിനെ ആദരിക്കുന്നു
Friday, September 18, 2015 6:25 AM IST
ന്യൂജേഴ്സി: പ്രമുഖ മലയാളി സംഘടനകളായ നാമവും മഞ്ചും സംയുക്തമായി നടത്തുന്ന ഓണാഘോഷം സെപ്റ്റംബര്‍ 19നു (ശനി) നടക്കും. രാവിലെ 11നു എഡിസണ്‍ ടൌണ്‍ഷിപ്പിലുള്ള ഹെര്‍ബര്‍ട്ട് ഹൂവര്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍. (174 ഖമരസീി അ്ലിൌല, ഋഉകടഛച, ചഖ 08837)

ന്യൂജേഴ്സിയിലെ അസോസിയേഷനുകളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ടു സംഘടനകള്‍ സംയുക്തമായി ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് നാമം രക്ഷാധികാരി മാധവന്‍ ബി. നായര്‍ പറഞ്ഞു.

മാവേലിമന്നനെ പരമ്പരാഗത രീതിയില്‍ സ്വീകരിച്ചുകൊണ്ടാണു പരിപാടികള്‍ക്കു തുടക്കമാവുക. താലപ്പൊലി, വാദ്യമേളം, പുലികളി, അത്തപ്പൂക്കളം എന്നിവയുടെ അകമ്പടിയോടെയാണു സ്വീകരണമൊരുക്കിയിരിക്കുന്നതെന്ന് സംയുക്ത ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ സജിത്കുമാര്‍ അറിയിച്ചു.

തുടര്‍ന്ന് ഓണസദ്യക്കുശേഷം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വേറിട്ട മത്സരങ്ങള്‍ ഒരുക്കമാവും. സംഘടനയുടെ അംഗങ്ങള്‍ നയിക്കുന്ന വള്ളംകളി, വടംവലി എന്നിവയ്ക്ക് പുറമേ എട്ടുവീട്ടില്‍ പയ്യന്‍സ് എന്ന പേരില്‍ പ്രേം നാരായണന്‍, സഞ്ജീവ് കുമാര്‍, സിജി ആനന്ദ്, കാര്‍ത്തിക് ശ്രീധര്‍, അജിത് കണ്ണന്‍, സുനില്‍ രവീന്ദ്രന്‍ എന്നിവര്‍ ഒരുമിക്കുന്ന തിരുവാതിരകളിയും സജീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് മറ്റു കലാപരിപാടികളും അരങ്ങേറും. ഏറ്റവും നന്നായി പായസം തയാറാക്കുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കുന്നുണ്ട്.

ഒരുമയുടെ ഓണസന്ദേശം 'ഒരുമ' മലയാളികള്‍ക്കു പകര്‍ന്നുകൊണ്ട് നടത്തുന്ന ആഘോഷപരിപാടികളില്‍ മലയാളത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന പരിപാടികള്‍ക്കാണു മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു. കണ്‍വീനര്‍ സജിത് കുമാര്‍, കോ കണ്‍വീനര്‍മാരായ സജിമോന്‍ ആന്റണി, അജിത് പ്രഭാകര്‍ എന്നിവരും രണ്ട് അസോസിയേഷനുകളിലെയും കമ്മിറ്റിയംഗങ്ങളും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

ഓണാഘോഷപരിപാടിയില്‍ മലയാളിസമൂഹത്തിനു പ്രയോജനകരമായ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തിക്കുള്ള പുരസ്കാരം നല്‍കുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയിലിനാണ് ഈ പുരസ്കാരം നല്‍കുന്നത്. ഔദ്യോഗിക ജീവിതചര്യകള്‍ക്കിടയിലും അക്ഷരസ്നേഹമെന്ന സ്വധര്‍മത്തെ മുറുകെ പിടിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജോര്‍ജ് തുമ്പയിലിന്റെ പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണെന്നു നാമം പ്രസിഡന്റ് ജിതേഷ് തമ്പി അറിയിച്ചു.

അക്ഷരസ്നേഹത്തെ നെഞ്ചോടു ചേര്‍ത്ത ഈ മാധ്യമപ്രവര്‍ത്തകന്‍ ദൃശ്യ, ശ്രാവ്യ, അച്ചടി മേഖലയിലൊക്കെയും തന്റെ മേധാവിത്വം ഉറപ്പിച്ചിട്ടുണ്ട്. അഞ്ചിലധികം പുസ്തകങ്ങള്‍ എഴുതി. അമേരിക്കയിലുടനീളം അവതരിപ്പിച്ച ഇരുനൂറ്റിയമ്പതില്‍ പരം വിവിധ കലാ,സാംസ്കാരിക പരിപാടികളുടെ അവതാരകന്‍. മീഡിയ കണ്‍സള്‍ട്ടന്റ്, പബ്ളിക്ക് റിലേഷന്‍സ് ഓഫീസര്‍, മനോരമ ഓണ്‍ലൈന്‍ ഡോട്ട് കോം, ഇ-മലയാളി ഡോട്ട് കോം സീനിയര്‍ എഡിറ്റര്‍, മലയാളംപത്രം എന്നിവ ഉള്‍പ്പെടെ വിവിധ പ്രസിദ്ധീകരണങ്ങളുടെ കറസ്പോണ്ടന്റ്. യാത്രാവിവരണ കോളമിസ്റ്, 2000ലെ ഒളിമ്പിക്സ് ഓസ്ട്രേലിയയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍. ഫൈന്‍ ആര്‍ട്സ് മലയാളം ക്ളബിന്റെ സ്ഥാപകസെക്രട്ടറിയും നിലവിലെ സെക്രട്ടറിയുമായി നിരവധി കഥാപാത്രങ്ങളെ രംഗത്ത് അവതരിപ്പിച്ച അഭിനേതാവ്. ഇന്ത്യ പ്രസ് ക്ളബിന്റെ സ്ഥാപകരിലൊരാള്‍ എന്നീ നിലകളില്‍ സ്ത്യുത്യര്‍ഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. ഈ മാധ്യമപ്രവര്‍ത്തകന്റെ നേട്ടത്തെ അംഗീകരിക്കുമ്പോഴാണ് മലയാളികളുടെ ഓണാഘോഷം പൂര്‍ണമാവുകയെന്ന് നാമം രക്ഷാധികാരി മാധവന്‍ ബി. നായര്‍ പറഞ്ഞു.