പത്തനംതിട്ട അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Friday, September 18, 2015 4:37 AM IST
ഫിലാഡല്‍ഫിയ: പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടുകൂടി നടത്തി. ബാബു വര്‍ഗീസ് വട്ടക്കാട്ടിലിന്റെ ഭവനത്തില്‍വച്ചു നടന്ന ഓണാഘോഷം നാട്ടിന്‍പുറങ്ങളില്‍ ആഘോഷിച്ചുമറഞ്ഞ ആ പഴയ ഓണനാളുകളിലേക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോയി. ബാബു വര്‍ഗീസ് വട്ടക്കാട്ടും ഓമന ബാബുവും ചേര്‍ന്ന് ആലപിച്ച പ്രാര്‍ഥനാ ഗാനത്തോടുകൂടിയായിരുന്നു ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്.

അസോസിയേഷന്‍ പ്രസിഡന്റ് രാജു ശങ്കരത്തില്‍ ഓണസന്ദേശം നല്‍കി. അസോസിയേഷന്‍ അംഗങ്ങളുടെ വീടുകളില്‍ പാകം ചെയ്ത സ്വാദിഷ്ടവും, വിഭവസമൃദ്ധവുമായ ഓണ സദ്യയ്ക്കുശേഷം ആര്‍ട്ട്സ് ചെയര്‍മാന്‍ തോമസ് എം ജോര്‍ജിന്റെ നേതൃത്വത്തില്‍ കലാ പരിപാടികള്‍ അരങ്ങേറി. ഓമന ബാബു, സാലു യോഹന്നാന്‍, സാറാ പീറ്റര്‍ എന്നിവര്‍ ഓണപാട്ടുകള്‍ പാടി. പഴയകാല മലയാളം തമിഴ് സിനിമാ ഗാനങ്ങളുടെ ആലാപനത്തിലൂടെ ബാബു വര്‍ഗീസ് ശ്രോതാക്കളുടെ കൈയടി നേടി. മോള്‍സി തോമസ് എഴുതി ചിട്ടപ്പെടുത്തിയ വഞ്ചിപ്പാട്ട് മോള്‍സിയോടൊപ്പം, സാലു യോഹന്നാന്‍, ഓമന ബാബു, സാറാ പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച് ശ്രോതാക്കളുടെ മുക്തകണ്ഠമായ പ്രശംസകള്‍ ഏറ്റുവാങ്ങി.

ഇസബെല്ലാ ഗ്രെയ്സ് ജോണ്‍, എമിലി ആന്‍ സാമുവേല്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ അത്തപ്പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഓണസദ്യക്ക് രാജു എം വര്‍ഗീസ്, ഡാനിയേല്‍ പി. തോമസ്, യോഹന്നാന്‍ ശങ്കരത്തില്‍, ഐപ്പ് ഉമ്മന്‍ മാരേട്ട്, ചെറിയാന്‍ കോശി, ജോണ്‍ കാപ്പില്‍, തോമസ് എം. ജോര്‍ജ്, ബാബു വര്‍ഗീസ്, ഡാനിയേല്‍ പീറ്റര്‍, ഗീവര്‍ഗീസ് മത്തായി, ജോണ്‍ പാറയ്ക്കല്‍, സിബി ചെറിയാന്‍, സൂസമ്മ തോമസ്, മേഴ്സി ജോണ്‍, ആലീസ് രാജു, മോള്‍സി തോമസ്, സാലു യോഹന്നാന്‍, ഓമന ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സെക്രട്ടറി ഡോ. രാജന്‍ തോമസ് നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം