എന്‍വൈഎംഎസ്സി കൈരളി കപ്പ് ടൂര്‍ണമെന്റ്: ടൊറന്റോ ജിടിഎ അലൈന്‍സ് ജേതാക്കള്‍
Friday, September 18, 2015 4:35 AM IST
ന്യൂയോര്‍ക്ക്: കാണികള്‍ക്ക് ആവേശത്തിന്റെ ഉജ്വല നിമിഷങ്ങള്‍ സമ്മാനിച്ച 28-മതു കൈരളി കപ്പ് സോക്കര്‍ ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയ ആര്‍സണലിനെ 1-0 എന്ന സ്കോറില്‍ തോല്‍പിച്ചു ടൊറന്റോ ജിടിഎ അലൈന്‍സ് ജേതാക്കളായി. വടക്കേ അമേരിക്കയില്‍നിന്നും കാനഡയില്‍നിന്നും എട്ടു ടീമുകള്‍ ശനിയും ഞായറും ആയി നടന്ന ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

മെറ്റ് ലൈഫിന്റെ സാമുവേല്‍ ഫിലിപ്പോസ് സ്പോണ്‍സര്‍ ചെയ്ത എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും വിജയികള്‍ക്ക് അദ്ദേഹം സമ്മാനിച്ചു. കുട്ടികള്‍ക്കായി നടന്ന എന്‍വൈഎംഎസ്സി യൂത്ത് ഫൈനല്‍സ് അത്യന്തം ആവേശകരമായി അവസാനിച്ചു. ക്രിഡ് മോര്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ നടന്ന മത്സരങ്ങള്‍ കാണുവാന്‍ നൂറുകണക്കിനു സോക്കര്‍ പ്രേമികള്‍ എത്തിയിരുന്നു. പ്രസിഡന്റ് ഈപ്പന്‍ ചാക്കോ സ്വാഗതവും, സെക്രട്ടറി സക്കറിയാ മത്തായി നന്ദിയും പ്രകാശിപ്പിച്ചു. രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം