മലയാളം സൊസൈറ്റി ഹൂസ്റന്‍: സെപ്റ്റംബര്‍ സമ്മേളനം നടത്തി
Friday, September 18, 2015 4:34 AM IST
ഹൂസ്റന്‍: ഗ്രെയ്റ്റര്‍ ഹൂസ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ 'മലയാളം സൊസൈറ്റി ഓഫ് അമേരിക്ക'യുടെ 2015-സെപ്റ്റംബര്‍ സമ്മേളനം 26-നു വൈകുന്നേരം നാലിനു സ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. ചെറുകഥ, യാത്രാവിവരണം, ഓണത്തെക്കുറിച്ച് ചര്‍ച്ച മുതലായ വിവിധ വിഷയങ്ങള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ഥനയോടെ ആരംഭിച്ചു. അദ്ധ്യക്ഷപ്രസംഗത്തില്‍ മണ്ണിക്കരോട്ട് സന്നിഹിതരായ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. അടുത്ത സമയത്ത് ഖത്തറില്‍നിന്ന് അമേരിക്കയില്‍ കുടിയേറിയ നാടക നടനും, സംവിധായകനും എഴുത്തുകാരനുമായ പി.സി. ജേക്കബും ഗുരുകുലം സ്കൂളിലെ അധ്യാപകനും ലൈബ്രറേറിയനുമായ ജോണ്‍ ചാക്കോയും ഇപ്രാവശ്യം പ്രത്യേക അതിഥികളായിരുന്നു.

ആദ്യമായി ജോസഫ് തച്ചാറ അദ്ദേഹത്തിന്റെ 'രണ്ട് ഭീകരര്‍' എന്ന കഥ അവതരിപ്പിച്ചു. ഒരു നാടക നടന്റെ ചാതുര്യത്തോടെ അവതരിപ്പിച്ച തച്ചാറയുടെ കഥാപാരായണം എല്ലാവരും ഒരു നാടക സംഭാഷണംപോലെതന്നെ ആസ്വദിച്ചു. തുടര്‍ന്നു സുരേഷ് ചിയേടത്ത് കാനഡായിലെ ടൊറാന്റൊ നഗരത്തിലെ യാത്രയുടെ പശ്ചാത്തലത്തില്‍ ആ നഗരത്തിന്റെ ചരിത്രം, ഭൂപ്രകൃതി, കാലാവസ്ഥ, ജനവാസം എന്നുവേണ്ട ടൊറാന്റൊ നഗരത്തിന്റെ ഒരു പൂര്‍ണ ചിത്രം അവതരിപ്പിച്ചു.

തുടര്‍ന്നു ജോസഫ് മണ്ഡവത്തില്‍ ഓണത്തെക്കുറിച്ച് ഒരു ലഘുവിവരണം നല്‍കി. അദ്ദേഹം തന്റെ ചെറുപ്പകാലത്തെ ഓണാഘോഷത്തിന്റെ ഓര്‍മകളിലേക്ക് സദസ്യരെ കൂട്ടിക്കൊണ്ടുപോയി.
ചര്‍ച്ചയില്‍ എ.സി. ജോര്‍ജ്, സജി പുല്ലാട്, മണ്ണിക്കരോട്ട്, ജോര്‍ജ് ഏബ്രഹാം, ജെയിംസ് ചാക്കൊ, നൈനാന്‍ മാത്തുള്ള, പൊന്നുപിള്ള, തോമസ് വര്‍ഗ്ഗീസ്, ജി. പുത്തന്‍കുരിശ്, സുരേഷ് ചിയേടത്ത്, ജോണ്‍ മാത്യു, ജോസഫ് തച്ചാറ, പി.സി. ജേക്കബ്, ജോസഫ് മണ്ഡപത്തില്‍, ജോണ്‍ പി. ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221,
ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.