ക്ളോക്ക് നിര്‍മിച്ച് അറസ്റിലായ മുസ്ലിം വിദ്യാര്‍ഥിക്ക് ഒബാമയുടെയും സുക്കര്‍ബര്‍ഗിന്റെയും ക്ഷണം
Thursday, September 17, 2015 5:26 AM IST
വാഷിംഗ്ടണ്‍: സ്വയം നിര്‍മിച്ച ക്ളോക്കുമായി സ്കൂളിലെത്തിയ പതിന്നാലുകാരനായ മുസ്ലിം വിദ്യാര്‍ഥിയെ കൈയിലുള്ളത് ബോംബാണെന്നു തെറ്റിദ്ധരിച്ച് പോലീസ് അറസ്റ് ചെയ്യുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിരപരാധിയാണെന്നു കണ്െടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിക്ക് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെയും ക്ഷണമെത്തി. ഇരുവരുടെയും ആവശ്യം ഒന്നുമാത്രം; അഹമ്മദ് എന്ന ഒമ്പതാം ക്ളാസുകാരനായ ഈ മിടുക്കന്‍ പയ്യനെ ഒന്നു നേരിട്ടു കാണണം!

സ്വയം നിര്‍മിച്ച ക്ളോക്കുമായി സ്കൂളില്‍ ടീച്ചറെ കാണിക്കാന്‍ അഹമ്മദ് കൊണ്ടുപോയതോടെയാണുസംഭവങ്ങളുടെ തുടക്കം. ക്ളോക്ക് സയന്‍സ് ടീച്ചറെ കാണിക്കുന്നതിനിടയില്‍ മറ്റൊരു ടീച്ചര്‍ ഇതു കാണുകയും ബോംബാണെന്നു തെറ്റിദ്ധരിച്ച് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, പോലീസ് അഹമ്മദിനെ അറസ്റ് ചെയ്യുകയും തുടര്‍ന്നു നടന്ന വിശദമായ പരിശോധനയില്‍ അഹമ്മദ് കൊണ്ടുവന്നത് ബോംബല്ലെന്നും ക്ളോക്കാണെന്നും കണ്െടത്തിയതിനെത്തുടര്‍ന്ന് അഹമ്മദിനെ വിട്ടയച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ സംഭവം പുറത്തറിഞ്ഞ് വിവാദമായതോടെ വരുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങുന്ന ഹില്ലരി ക്ളിന്റനുള്‍പ്പെടെയുള്ള നിരവധി പേര്‍ അഹമ്മദിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ഒക്ടോബര്‍ 19നു വൈറ്റ്ഹൌസില്‍ സംഘടിപ്പിക്കുന്ന ജ്യോതിശാസ്ത്ര രാവിലേക്കാണ് അഹമ്മദ് മുഹമ്മദിനെ ഒബാമ ക്ഷണിച്ചത്. രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞരും ബഹിരാകാശ യാത്രികരും എന്‍ജിനിയര്‍മാരും അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ചടങ്ങിലേക്കുള്ള പ്രസിഡന്റിന്റെ നേരിട്ടുള്ള ക്ഷണം അഹമ്മദിനു ലഭിച്ചു കഴിഞ്ഞു. മാത്രമല്ല, അഹമ്മദിനെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്ററില്‍ ഒബാമ ഒരു പോസ്റുമിട്ടു; വൈറ്റ്ഹൌസിലേക്ക് വരുമ്പോള്‍ കൂടെ ആ ക്ളോക്കും കൊണ്ടുവരണം. സയന്‍സ് മേഖലയില്‍ തല്‍പരരായ നിന്നെപ്പോലുള്ള കുട്ടികള്‍ എന്നെ പ്രചോദിപ്പിക്കാറുണ്ട്. നിന്നെപ്പോലുള്ള കുട്ടികള്‍ യുഎസിനെ ഇനിയും ഉയരങ്ങളില്‍ എത്തിക്കുമെന്നും ഒബാമ ട്വീറ്റ് ചെയ്തു.

എന്തെങ്കിലും നിര്‍മിക്കാന്‍ കഴിവുള്ളവരെയും അതിന് ആഗ്രഹമുള്ളവരെയും അറസ്റ് ചെയ്യുകയല്ല, പ്രോല്‍സാഹിപ്പിക്കുകയാണു വേണ്ടതെന്നായിരുന്നു ഫെയ്സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ കുറിപ്പ്. 'അഹമ്മദിനെപ്പോലുള്ളവരുടെ കൈകളിലാണ് ലോകത്തിന്റെ ഭാവി. അഹമ്മദ്, നീ എപ്പോഴെങ്കിലും ഫെയ്സ്ബുക്ക് ആസ്ഥാനത്ത് വരികയാണെങ്കില്‍ എനിക്ക് നിന്നെ കാണണമെന്നുണ്ട്. ഇനിയും ഇത്തരം നിര്‍മിതികള്‍ തുടരുക' സുക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കില്‍ എഴുതി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍