ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
Thursday, September 17, 2015 5:26 AM IST
ടെക്സസ്: നവ ഭാരതശില്‍പ്പികളും ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരും രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ടവരുമായ ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും ചിത്രം ഇന്ത്യന്‍ പോസ്റല്‍ സ്റാമ്പുകളില്‍നിന്നു നീക്കം ചെയ്യാനുള്ള മോദി ഗവണ്‍മെന്റിന്റെ തീരുമാനം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്സസ് റീജണ്‍ പ്രസിഡന്റ് ബോബന്‍ കൊടുവത്ത്.

ഇന്ത്യയിലെ ജനകോടികളുടെ ഹൃദയങ്ങളില്‍ ചിര പ്രതിഷ്ഠ നേടിയ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചിത്രം നീക്കം ചെയ്യുമെന്ന തീരുമാനം കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ സര്‍ക്കാര്‍ തുടരുന്ന പ്രതികാര നടപടികളുടെ ഭാഗമാണെന്നു ബോബന്‍ ചൂണ്ടിക്കാട്ടി.

തീരുമാനത്തിനെതിരേ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നൂറുകണക്കിനു പ്രവര്‍ത്തകരും അനുഭാവികളും ഒപ്പുകള്‍ ശേഖരിച്ചു. ഇതു സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും ബോബന്‍ പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ചാപ്റ്റര്‍ ഭാരവാഹികളായ ചാക്കോ ഇട്ടി, ബാബു സൈമണ്‍, ടി.സി. ചാക്കോ, രാജു ചാമത്തില്‍, റോയ് കൊടുവത്ത്, രാജന്‍ മേപ്പുറം തുടങ്ങിയവരും പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍