മലയാളി സമാജം ഓണാഘോഷങ്ങളില്‍ ഫോക്ലോര്‍ അക്കാഡമി കലാകാരന്മാര്‍ പങ്കെടുക്കും
Thursday, September 17, 2015 5:22 AM IST
അബുദാബി: മലയാളി സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി കേരള ഫോക്ലോര്‍ അക്കാഡമി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാടന്‍ കലാപരിപാടികള്‍ 18നു രാത്രി ഏഴിന് സമാജം ഓഡിറ്റോറിയത്തില്‍ അരങ്ങേറും. നാടന്‍ പാട്ട്, ഓണപാട്ട്, പുള്ളുവന്‍ പാട്ട്, ചവിട്ടുകളി, ഓട്ടന്‍തുള്ളല്‍, ഒപ്പന തുടങ്ങിയ കലാരൂപങ്ങള്‍ തനതു വാദ്യ ഉപകരണങ്ങളായ ചെണ്ട, തകില്‍, തുടി, കൈമണി, വീക്ക്, ദ്രുംസ്, ട്രിപ്പിള്‍ തുടങ്ങിയവയുടെ അകമ്പടിയോടെ അവതരിപ്പിക്കും.

കേരള സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. മുഹമ്മദ് അഹമ്മദ്, സെക്രട്ടറി പ്രദീപ്കുമാര്‍ എന്നിവരും സംബന്ധിക്കുമെന്ന് സമാജം പ്രസിഡന്റ് ബി.യേശുശീലന്‍ പറഞ്ഞു.

ഓണാഘോഷങ്ങളോടനുബന്ധിച്ചുള്ള യുഎഇ ഓപ്പണ്‍ തിരുവാതിരകളി, ഒപ്പന, മാര്‍ഗംകളി മത്സരങ്ങള്‍ 22, 23 തീയതികളില്‍ നടക്കും. ഒക്ടോബര്‍ 16 നാണ് ഓണസദ്യ. ജെമിനി മറ്റിറിയല്‍സ്, യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍, യുഎഇ എക്സ്ചേഞ്ച് എന്നിവരാണു മുഖ്യ സ്പോണ്‍സര്‍മാര്‍.

സമാജം ഭാരവാഹികളായ മെഹബൂബ് അലി, പി.ടി. റഫീക്ക്, ഫസലുദീന്‍, ജലീല്‍ ചോലയില്‍, അബ്ദുള്‍ ഖാദര്‍, ജെറിന്‍ ജേക്കബ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള