ഇന്ത്യന്‍ വംശജന്‍ ഇന്ദ്രജിത്തിനെതിരെ വംശീയാക്രമണം: പ്രതിഷേധം ഇരമ്പി
Wednesday, September 16, 2015 6:05 AM IST
ഷിക്കാഗോ: ഇന്ത്യന്‍ വംശജനും സിക്കുകാരനുമായ ഇന്ദ്രജിത്ത് സിംഗ് മുക്കറിനു നേരേനടന്ന വംശീയാക്രമണത്തില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 15ന് സിക്ക് കൊയലേഷന്റെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് ഇന്ത്യക്കാര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

സെപ്റ്റംബര്‍ എട്ടിനാണു കാറില്‍ യാത്ര ചെയ്തിരുന്ന ഇന്ദ്രജിത്തിനു നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. ടെററിസ്റ് എന്നും ബിന്‍ലാദനെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു പതിനേഴുകാരനായ യുവാവ് ഇന്ദ്രജിത്തിന്റെ മുഖത്ത് തുടര്‍ച്ചയായി ഇടിച്ചത്. യുവാവിനെ പോലീസ് പിടികൂടിയതായും ശാരീരികാക്രമണം, വംശീയാക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പ്രതിയുടെ പേരില്‍ കേസെടുത്തതായും ഇല്ലിനോയ്സ് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

റാലിയെ മര്‍ദ്ദനത്തിനിരയായ ഇന്ദ്രജിത്ത് അഭിസംബോധന ചെയ്തു. ഞാനൊരു അമേരിക്കക്കാരനാണ്. ഇത് എന്റെ രാജ്യമാണ്. മതത്തിന്റേയോ നിറത്തിന്റേയോ പേരില്‍ ഒരു അമേരിക്കക്കാരനും അക്രമത്തിനിരയാകാന്‍ അനുവദിച്ചു കൂടാ.- ഇന്ദ്രജിത്ത് പറഞ്ഞു.

ഡ്യുപേജ് കൌണ്ടി സ്റേറ്റ് അറ്റോര്‍ണി ഓഫീസ് പ്രതിക്കെതിരെ വംശീയ ആക്രമണ കുറ്റം ചാര്‍ജ് ചെയ്തതില്‍ സിക്ക് കൊയലേഷന്‍ ലീയാല്‍ ഡയറക്ടര്‍ ഹര്‍സിമ്രാന്‍ കൌര്‍ അധികൃതര്‍ക്ക് നന്ദി പറഞ്ഞു.

2001 ല്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യന്‍ വംശജര്‍ക്കെതിരെ ആക്രമണം വര്‍ധിച്ചതായി സൌത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിംഗ് ടുഗതര്‍ (ടഅഅഘഠ) എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍