ഷാര്‍ജ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നു
Wednesday, September 16, 2015 6:01 AM IST
ഷാര്‍ജ: 60 ലക്ഷം മുതല്‍മുടക്കി പൊതുഗതാഗതം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നു. പുതിയ പത്തു ബസുകളാണു സര്‍വീസിന് ഇറക്കുന്നതെന്നു ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി ഡയറക്ടര്‍ അബ്ദുള്‍ അസീസ് അല്‍ജര്‍വാന്‍ അറിയിച്ചു. ഇതിനുപുറമേ 39 ബസുകള്‍കൂടി ഈ വര്‍ഷംതന്നെ പുതുതായി സര്‍വീസിനിറങ്ങും.

രാജ്യാന്തര നിലവാരത്തിലുള്ള ബസുകളാണു പുതിയ റൂട്ടുകളില്‍ ഓടുക. 45 പേര്‍ക്കുവീതം യാത്ര ചെയ്യാന്‍ കഴിയുന്നതാണു പുതിയ ബസുകള്‍. വിമാനത്താവളങ്ങളില്‍നിന്നു യാത്രക്കാരെ സ്വീകരിക്കുന്ന രീതിയിലാണു പുതിയ സര്‍വീസ് ക്രമീകരണം. യാത്ര എളുപ്പമാക്കാന്‍ ബസിനകത്തും പുറത്തും ഇലക്ട്രോണിക് സ്ക്രീനുകളുണ്ടാകും. ശീതീകരിച്ച ബസില്‍ വൈഫൈ സംവിധാനവും ലഭ്യമാക്കും. മൊബൈല്‍ഫോണുകള്‍ ചാര്‍ജ് ചെയ്യാനും സാധിക്കും. ലഗേജ് സൂക്ഷിക്കാനുള്ള സൌകര്യവും വിപുലപ്പെടുത്തിയിട്ടുണ്ട്. ആഘോഷാവസരങ്ങളിലും അവധിദിനങ്ങളിലും പൊതുഗതാഗതം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ബസുകള്‍ നിരത്തിറക്കാന്‍ സ്വകാര്യ കമ്പനിയുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള