ന്യൂയോര്‍ക്ക് ക്നാനായ ബൈബിള്‍ കലോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, September 16, 2015 5:58 AM IST
ന്യൂയോര്‍ക്ക്: ക്നാനായ ഫോറോനായുടെ കീഴിലുള്ള മിഷനുകളില്‍നിന്നുള്ള സമുദായാംഗങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ബൈബിള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സെപ്റ്റംബര്‍ 19നു (ശനി) നടത്തുന്ന പരിപാടിയുടെ വിജയത്തിനായി സെക്രട്ടറി ജോസ് കോരക്കുടിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും മിഷനിലെ അല്‍മായ സംഘടനകള്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

മാര്‍ മാത്യു മൂലക്കാട്ടിനു കമ്മിറ്റിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ ലഹവാടിയ എയര്‍പോര്‍ട്ടില്‍ സ്വാഗതവും തുടര്‍ന്ന് സെന്റ് സ്റീഫന്‍സ് ക്നാനായ ഫോറോന പള്ളിയില്‍ ഫൊറോനയുടെ കീഴിലുള്ള മിഷന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടക്കും.

മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ വിവാഹ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ദമ്പതികളെ അനുമോദിക്കുകയും ഫൊറോനതലത്തില്‍ നടന്ന ഉപന്യാസ മത്സര വിജയികള്‍ക്കു സമ്മാനവും തുടര്‍ന്നു സ്നേഹവിരുന്നും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ബൈബിളിനെ ആസ്പദമാക്കിയുള്ള കലാപരിപാടികളും അരങ്ങേറും. ചടങ്ങില്‍ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍, ഫാ. മണക്കാട്ട്, ഫാ. റെന്നി കട്ടേല്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.

പരിപാടിയിലേക്കു ന്യൂയോര്‍ക്കിലെ എല്ലാ ക്നാനായ കുടുംബങ്ങളെയും സെന്റ് സ്റീഫന്‍ ഫൊറോന പള്ളിയിലേക്കു വികാരി ഫാ. ജോസ് തറയ്ക്കല്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ