ഉംറ്റാറ്റയില്‍ മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു
Wednesday, September 16, 2015 5:57 AM IST
ഉംറ്റാറ്റ: സൌത്താഫ്രിക്കയുടെ കിഴക്കന്‍ പ്രദേശമായ ഉംറ്റാറ്റയിലെ മലയാളികള്‍, മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ 'ഹൃദയപൂത്താല' മെന്ന ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

ഡോ. മേരിക്കുട്ടി മാമ്മന്‍, ഡോ. അനു ജോര്‍ജ്, ബിന്ദു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഓണസദ്യയോടെ ശനിയാഴ്ച്ച ഉച്ചയ്ക്ക് ആരംഭിച്ച ആഘോഷങ്ങള്‍ രാത്രി ഒമ്പതോടെ അവസാനിച്ചു.

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനു പ്രണാമമര്‍പ്പിച്ച് ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിച്ച കലാപരിപാടികള്‍ സമാജം അധ്യക്ഷന്‍ തോമസ് ജോസഫിന്റെ സ്വാഗതത്തോടെ തുടക്കം കുറിച്ചു. കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്ത വ്യത്യസ്തമാര്‍ന്ന നടന, നാട്യ വിസ്മയം അവിസ്മരണീയമായ അനുഭവമായി. മനോജ് പണിക്കര്‍ കലാപരിപാടികള്‍ക്കു നേതൃത്വം നല്‍കി.

സമാജം സെക്രട്ടറി കെ.ജെ. ജോണിന്റെ നന്ദി പ്രസംഗത്തിനുശേഷം അത്താഴ സദ്യയും ഒരുക്കിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ എറെ ശ്രദ്ധേയമായ ഉംറ്റാറ്റയിലെ ഓണാഘോഷങ്ങളില്‍ പ്രിട്ടോറിയ, ഡര്‍ബന്‍, പോര്‍ട്ട് എലിസബത്ത് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു നിരവധി മലയാളികള്‍ പങ്കെടുത്തു.

സമാജം അധ്യക്ഷന്‍ തോമസിന്റെ കരവിരുതില്‍ ഏകദേശം മൂന്നു മീറ്റര്‍ വ്യാസത്തില്‍ കടഞ്ഞുണ്ടാക്കിയ നടരാജവിഗ്രഹം ഓണാഘോഷ വേദിയുടെ മാറ്റുകൂട്ടി.