മാര്‍ക്ക് കര്‍ഷകശ്രീ അവാര്‍ഡ് വര്‍ക്കി പള്ളിത്താഴത്തിന്
Wednesday, September 16, 2015 4:31 AM IST
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്‍ഡ് കൌണ്ടി എല്ലാവര്‍ഷവും നടത്തിവരാറുള്ള കര്‍ഷകശ്രീ അവാര്‍ഡിന്റെ 2015-ലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ന്യൂസിറ്റിയിലുള്ള വര്‍ക്കി പള്ളിത്താഴത്തിനും, രണ്ടാം സമ്മാനം വാലി കോട്ടേജിലുള്ള മത്തായി പാറക്കാട്ടിനും, മൂന്നാം സ്ഥാനം വെസ്റ് നയാക്കിലുള്ള തോമസ് ജോസഫും കരസ്ഥമാക്കി.

സന്തോഷ് വര്‍ഗീസ്, പൌലോസ് ജോസഫ്, തോമസ് ചാക്കോ, സണ്ണി ജയിംസ്, സേവ്യര്‍ ചെമ്മാച്ചേരില്‍, ബേബി തോമസ് എന്നിവര്‍ ക്യാഷ് അവാര്‍ഡോടുകൂടിയുള്ള പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി.

മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൌണ്ടിയുടെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മുഖ്യാതിഥികളായിരുന്ന വാസുദേവ് പുളിക്കലും, പദ്മശ്രീ ഡോ. സോമസുന്ദരവും ചേര്‍ന്ന് കാഷ് അവാര്‍ഡുകളും, ഫാ. തദേവൂസ് അരവിന്ദത്ത് എവര്‍റോളിംഗ് ട്രോഫിയും വിതരണം ചെയ്തു.

കോ-ഓര്‍ഡിനേറ്റേഴ്സായ തോമസ് അലക്സ്, ജോസ് അക്കക്കാട്ട്, ജീജോ ആന്റണി, വിന്‍സെന്റ് ജോണ്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. പച്ചക്കറി തോട്ടങ്ങളുടെ വലിപ്പം, സൌന്ദര്യം, ഫലങ്ങള്‍, വിളവുകളുടെ മികവ് തുടങ്ങിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണു വിധിനിര്‍ണയം നടത്തിയത്.

അധ്വാനിച്ചാല്‍ ഫലമുണ്ടാകുമെന്നതിനു തെളിവാണു കര്‍ഷകശ്രീ അവാര്‍ഡ് നേടിയ വര്‍ക്കി പള്ളിത്താഴത്തിന്റെ പ്രവര്‍ത്തനവിജയം. അമേരിക്കയിലെ പ്രതികൂല കാലാവസ്ഥയില്‍ മണ്ണിന്റെ പരുവപ്പെടുത്തല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള ആറുമാസക്കാലത്തെ പ്രയത്നമാണ് ഈ വിജയത്തിനു പിന്നില്‍. ഈ കൃഷിയിടത്തില്‍ പാവല്‍, പടവലം, മത്ത, വെള്ളരി, കുമ്പളം, ചുരയ്ക്ക, ചീര, ബീന്‍സ്, ബീറ്റ്റൂട്ട്, വിവിധയിനം പയറുവര്‍ഗങ്ങള്‍, വെണ്ട, വഴുതന, മുളക്, കോളിഫ്ളവര്‍, കാബേജ്, പീച്ചിങ്ങ എന്നിവയ്ക്കു പുറമേ വാഴ, മുന്തിരി, ചെറി, പെസ്സിമോ ഇവയെല്ലാം ഒരു കുടക്കീഴില്‍ എന്നപോലെ തയറാക്കിയിരിക്കുന്നത് ഏറെ കൌതുകം സൃഷ്ടിക്കുന്നു. തോട്ടത്തിന്റെ ആകര്‍ഷണീയതമൂലം ഒട്ടേറെ തദ്ദേശവാസികള്‍ തോട്ടം സന്ദര്‍ശിക്കാറുണ്ട്. കൃഷി സംരക്ഷണത്തിനായി വര്‍ക്കിയുടെ ഭാര്യ മേരിയും എപ്പോഴും സഹായിക്കുന്നു.

മാര്‍ക്ക് പ്രസിഡന്റ് ഗോപിനാഥ കുറുപ്പ്, വൈസ് പ്രസിഡന്റ് സിബി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. വരും വര്‍ഷങ്ങളിലും മത്സരം സംഘടിപ്പിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ാമൃര്യി.ീൃഴ സന്ദര്‍ശിക്കുക. നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ബന്ധപ്പെടുക: രീിമേര@ാമൃര്യി.ീൃഴ തോമസ് അലക്സ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം