കാലിഫോര്‍ണിയായില്‍ കാട്ടുതീ; ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Tuesday, September 15, 2015 8:09 AM IST
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയുടെ വടക്കന്‍ മേഖലയില്‍ പലയിടത്തായി ബാധിച്ചിരിക്കുന്ന കാട്ടുതീയുടെ വ്യാപ്തി വര്‍ധിക്കുകയും ആയിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ജെറി ബ്രൌണ്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നാപ്, ലേക്ക് കൌണ്ടികളില്‍ നിരവധി കെട്ടിടങ്ങള്‍ അഗ്നി വിഴുങ്ങി. സാന്‍ഫ്രാന്‍സിസ്കോയുടെ വടക്കുള്ള മിഡില്‍ടൌണില്‍ നിന്ന് ആയിരത്തിമുന്നൂറിലധികം പേര്‍ പലയാനം ചെയ്തു. ഇവരുടെ ഭവനങ്ങള്‍ അഗ്നിക്കിരയായി. ഇവിടെ നാല് അഗ്നിശമന സേനാംഗങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ജൂലൈയില്‍ മാത്രം കാട്ടുതീ നിയന്ത്രിക്കുന്നതിന് 212 മില്യണ്‍ ഡോളറാണ് സംസ്ഥാനം ചെലവഴിച്ചത്. ലേക്ക് കൌണ്ടിയില്‍ ശനിയാഴ്ച ആരംഭിച്ച കാട്ടുതീ 40,000 ഏക്കര്‍ ചാമ്പലാക്കി. മിഡില്‍ടൌണിനടുത്തു വരെ കാട്ടുതീ എത്തിയിട്ടുണ്ട്. ഇവിടെയുള്ള ജനങ്ങളെല്ലാം ഒഴിഞ്ഞു പോയിക്കഴിഞ്ഞു. തീ അതിവേഗമാണ് പടരുന്നതെന്നും 200 അടി ഉയരത്തില്‍ വരെ തീനാളങ്ങള്‍ ഉയര്‍ന്നു കാണപ്പെട്ടുവെന്നും പ്രദേശ വാസികള്‍ പറഞ്ഞു. അമദോര്‍, കാല്‍വേരാസ് കൌണ്ടികളില്‍ നാലായിരത്തോളം അഗ്നിശമന സേനാംഗങ്ങളാണ് തീ നിയന്ത്രിക്കാന്‍ പൊരുതുന്നത്. 65,000 ഏക്കര്‍ സ്ഥലമാണ് ഇവിടെ ചാമ്പലായത്. 86 വീടുകളും 51 കെട്ടിടങ്ങളും ഇവിടെ അഗ്നിബാധയില്‍ അകപ്പെട്ടു. ആറായിരം കെട്ടിടങ്ങള്‍ കൂടി ഇവിടെ അപകട ഭീഷണി നേരിടുന്നു.

ജൂലൈ അവസാനത്തില്‍ തുടക്കമിട്ട ഏറ്റവും ഭീകരമായ 'റഫ് ഫയര്‍' എന്നു പേരിട്ടിരിക്കുന്ന കാട്ടുതീ 1,28,800 ഏക്കറാണ് ഇതുവരെ വെണ്ണീറാക്കിയിരിക്കുന്നത്. മൂവായിരം അഗ്നിശമന സേനാംഗങ്ങള്‍ ഇവിടെ തീ നിയന്ത്രിക്കാന്‍ പൊരുതുന്നു. കിംഗ് കനോയന്‍ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ ഒഴിപ്പിച്ചു കഴിഞ്ഞു.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്