സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പാചരണവും തിരുനാളും നടത്തി
Tuesday, September 15, 2015 3:09 AM IST
ഷിക്കാഗോ: വിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് എട്ടുനോമ്പാചരണവും ആഘോഷമായ തിരുനാളാഘോഷവും നടന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ നടന്ന വിശുദ്ധ കുര്‍ബാനയിലും ജപമാല പ്രദക്ഷിണത്തിലും അനേകം വിശ്വാസികള്‍ പങ്കെടുത്തു.

12-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. പോള്‍ ചൂരത്തൊട്ടിയില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. മാതാവിനോടു ചേര്‍ന്ന് നല്ല മക്കളായി ജീവിക്കാനുള്ള വരം ഏവര്‍ക്കും ലഭിക്കട്ടെ എന്ന് തിരുനാള്‍ സന്ദേശം നല്‍കിയ ബഹുമാനപ്പെട്ട പോളച്ചന്‍ സന്ദേശത്തില്‍ പറഞ്ഞു.

പുനലൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ സില്‍വസ്റര്‍ പൊന്നുമുത്തന്‍ വിശ്വാസികള്‍ക്ക് ആശീര്‍വാദമേകുകയും ആശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ഗ്രോട്ടോയിലേക്ക് ജപമാല പ്രദക്ഷിണം നടന്നു. ലില്ലി തച്ചിലിന്റെ നേതൃത്വത്തിലുള്ള ഇടവകയിലെ വിമന്‍സ് ഫോറം അംഗങ്ങളാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം