റോയല്‍ കേരള സ്റോറില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി
Monday, September 14, 2015 7:34 AM IST
ടൊറേന്റോ: തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ടൊറേന്റോയില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി സ്റീഫന്‍ ഹാര്‍പ്പറും പത്നിയും റോയല്‍ കേരള സ്റോര്‍ സന്ദര്‍ശിച്ചു.

കാനഡയിലെ ചെറുകിട കച്ചവടക്കാര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ വിളിച്ചറിയിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ റോയല്‍ കേരള സന്ദര്‍ശനം. വന്‍കിട കോര്‍പറേറ്റുകളെ പ്രീതിപ്പെടുത്തുന്ന ഭരണമാണെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണം ശക്തിപ്രാപിക്കുന്നതിനിടയിലാണു പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം.

കാനഡയിലെ കച്ചവടത്തിന്റെ 98 ശതമാനവും ചെറുകിട കച്ചവടക്കാരുടേതാണ്. തൊഴിലാളികളില്‍ എട്ടു മില്യണ്‍ പേരും ചെറുകിട കച്ചവടരംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ചെറുകിട കച്ചവട മേഖലയില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ 38 ശതമാനം മാത്രമാണു സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി രാഷ്ട്രീയകക്ഷികള്‍ ഈ മേഖലയ്ക്കു കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. ചെറുകിട മേഖലയുടെ 60 ശതമാനവും ഒന്റാരിയോ ക്യൂബെക്ക് മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്കു ചെറുകിട മേഖലയുടെ സംഭാവന 65 ബില്യണ്‍ ആണ്.

എന്നിരുന്നാലും ഭൂരിഭാഗം ചെറുകിട കച്ചവടക്കാരും രണ്ടു വര്‍ഷം മാത്രമാണു നിലനില്‍ക്കുന്നത്.

റിപ്പോര്‍ട്ട്: ഷിബു കിഴക്കെക്കുറ്റ്