വിമാനത്താവളം ഇല്ലാതാക്കാനുള്ള കരിപ്പൂര്‍വിരുദ്ധ ലോബിയുടെ നീക്കത്തിനെതിരേ കെഎംസിസി
Monday, September 14, 2015 7:34 AM IST
ജിദ്ദ: കരിപ്പൂര്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര സര്‍വീസുകള്‍ പൂര്‍വ സ്ഥിതിയിലാക്കുന്നതിനും വിമാനത്താവളം ഇല്ലാതാക്കാനുള്ള കരിപ്പൂര്‍ വിരുദ്ധ ലോബിയുടെ നീക്കത്തിനെതിരേയും ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ചെറുവിമാനങ്ങള്‍ക്കു സര്‍വീസ് നടത്താന്‍ സൌകര്യം ചെയ്യുക, റീകാര്‍പറ്റിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കി മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനസ്ഥാപിക്കുക, വിമാനത്താവള വിപുലീകരണത്തിന് ആവശ്യമായ ഭൂമി എത്രയും വേഗം ലഭ്യമാക്കുക, ഭൂമി നല്‍കുന്നവര്‍ക്ക് പുനരധിവാസം ഉറപ്പുവരുത്തി ന്യായമായ നഷ്ടപരിഹാരം നല്‍കുക, കരിപ്പൂരിനെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റായി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ജിദ്ദ കെഎംസിസി സമരത്തിനിറങ്ങുന്നത്.

സമരത്തിന്റെ ആദ്യഘട്ടമായി സെപ്റ്റംബര്‍ 19നു കരിപ്പൂര്‍ വിമാനത്താവളത്തിനു മുമ്പില്‍ ബഹുജന ധര്‍ണ നടക്കും. അധികൃതരുടെ ഭാഗത്തുനിന്നു പ്രശ്നപരിഹാര നീക്കം ഉണ്ടായില്ലെങ്കില്‍ പ്രവാസി കുടുംബങ്ങളെ അണിനിരത്തി അനിശ്ചിതകാല സത്യാഗ്രഹം സംഘടിപ്പിക്കാനും ജിദ്ദ കെഎംസിസി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ, ഭാരവാഹികളായ സഹല്‍ തങ്ങള്‍, സി.കെ. ഷാക്കിര്‍, മജീദ് പുകയൂര്‍, ഇസ്മായില്‍ മുക്കുളം, അല്‍റയാന്‍ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി. മുഹമ്മദലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍