പിഎസ്വി സെവന്‍സ് ഫുട്ബോള്‍; ചാലഞ്ചേഴ്സ് എഫ്സി ജേതാക്കള്‍
Monday, September 14, 2015 7:32 AM IST
റിയാദ്: പയ്യന്നൂര്‍ സൌഹൃദവേദി റിയാദ് ചാപ്റ്റര്‍ സംഘടിപ്പിച്ച ഒന്നാമത് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ചാലഞ്ചേഴ്സ് എഫ്സി ജേതാക്കളായി. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനു സ്ട്രൈക്കേഴ്സ് എഫ്സിയെ പരാജയപ്പെടുത്തിയാണ് ചാലഞ്ചേഴ്സ് ചാമ്പ്യന്മാരായത്. ചാലഞ്ചേഴ്സിനുവേണ്ടി രാജന്‍ പെരുമാള്‍ വിജയഗോള്‍ നേടി.

ഫൈനലിനു മുന്നോടിയായി നടന്ന ലൂസേഴ്സ് ഫൈനലില്‍ സോക്കര്‍ എഫ്സി യെ പരാജയപ്പെടുത്തി ബ്ളാസ്റ്റേഴ്സ് മൂന്നാം സ്ഥാനം നേടി. മുസ്തഫ കവായി, എം.പി. ഭാസ്കരന്‍, ഇസ്മായില്‍ കാരോളം എന്നിവര്‍ ഫൈനലില്‍ കളിക്കാരുമായി പരിചയപ്പെട്ടു. ലെജീഷ് ജനാര്‍ദ്ദനന്‍, വിജയന്‍ കുഞ്ഞിമംഗലം എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.

പിഎസ്വി പ്രസിഡന്റ് ബാബു ഗോവിന്ദന്‍ അധ്യക്ഷത വഹിച്ച സമാപനചടങ്ങില്‍ പിഎസ്വി ഭാരവാഹികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സുല്‍ഫി ഒളവറ (മികച്ച കളിക്കാരന്‍), ദിനേശന്‍ കെ.വി. പള്ളിപ്പാറ (നല്ല ഗോള്‍ കീപ്പര്‍), സുബിന്‍ കൊഴുമ്മല്‍ (നല്ല ഡിഫന്‍ഡര്‍), ഷക്കില്‍ ഒളവറ (മികച്ച വിംഗ് ബാക്ക്), അനീഷ് തിമിരി (നല്ല ഫോര്‍വേര്‍ഡ്) എന്നിവരെ ടൂര്‍ണമെന്റ് കമ്മിറ്റി അഭിനന്ദിച്ചു. വിജയികള്‍ക്കു ലഭിച്ച കാഷ് അവാര്‍ഡുകള്‍ പയ്യന്നൂര്‍ സൌഹൃദവേദിയുടെ ജീവകാരുണ്യ ഫണ്ടിലേക്കു സംഭാവന ചെയ്ത് മാതൃകയായി. ഇസ്മായില്‍ കാരോളം സ്വാഗതവും ഹരീന്ദ്രന്‍ ചെങ്ങല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍