നവോദയ റിയാദ് ഈദ് ഓണം സംഗമം നടത്തി
Monday, September 14, 2015 7:32 AM IST
റിയാദ്: അവിസ്മരണീയമായ നിരവധി പരിപാടികളുമായി നവോദയ റിയാദ് ഓണം- ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യ, ചെണ്ടമേളത്തോടെയും പുലികളിയുടെ അകമ്പടിയോടേയും മാവേലി എഴുന്നള്ളത്ത്, അത്ത പൂക്കള മത്സരം, മൈലാഞ്ചിയിടല്‍ മത്സരം, തിരുവാതിര, നാടന്‍ പാട്ടുകള്‍, ഈദിനെ കുറിച്ചും ഓണത്തെക്കുറിച്ചുമുള്ള ചോദ്യോത്തരങ്ങള്‍, കുട്ടികളുടെ വിവിധ മത്സരങ്ങള്‍, ഉറിയടി, തലയണയടി, ഗാനമേള തുടങ്ങി പ്രവാസികള്‍ക്കു വ്യത്യസ്തമായ അനുഭവമായി മാറി നവോദയയുടെ ആഘോഷപരിപാടികള്‍.

പരിപാടിയോടനുബന്ധിച്ചു നടന്ന സാംസ്കാരികസമ്മേളനം നവോദയ രക്ഷാധികാരി ഒ.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. നവോത്ഥാന ചിന്തകള്‍ അട്ടിമറിക്കപ്പെടുകയും ജാതി-മത-വര്‍ഗീയ ചിന്തകള്‍ നാട്ടില്‍ വേരോടുകയും ചെയ്യുന്ന ഇക്കാലത്ത് സമത്വവും പരസ്പര സ്നേഹവും സഹവര്‍ത്തിത്വവും ഊട്ടി ഉറപ്പിക്കാന്‍ ഇത്തരം ആഘോഷവേളകള്‍ നല്‍കുന്ന സന്ദേശം വലുതാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. നവോദയ പ്രസിഡന്‍് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ഗുരുവായൂര്‍, ടി.പി.മുഹമ്മദ്, ഉദയഭാനു, അന്‍വാസ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവേശനകവാടത്തില്‍ സംഘാടകര്‍ ഒരുക്കിയ പൂക്കളവും പ്രവേശനകവാടവും ഏറെ ആകര്‍ഷകമായി. രാവിലെ 10നു അത്തപ്പൂക്കള മത്സരത്തോടെയാണു പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇരുപതോളം പേര്‍ പങ്കെടുത്ത മൈലാഞ്ചിയിടല്‍ മത്സരം നടന്നു. ഉച്ചയ്ക്ക് 12ന് ഓണസദ്യ ആരംഭിച്ചു. പിന്നീട് പുലിവേഷമിട്ട കുട്ടികളും ചെണ്ടവാദ്യവും ഓലക്കുടയും വേഷഭൂഷാദികളുമായി മാവേലിയും എഴുന്നള്ളിയതോടെ ആര്‍പ്പുവിളികളോടെയും ഓണപ്പാട്ടോടുകൂടിയും ജനങ്ങള്‍ മാവേലിയെ എതിരേറ്റു. ബലൂണ്‍ പൊട്ടിക്കല്‍, മിഠായി പെറുക്കല്‍, ടയറിനുള്ളിലൂടെ പന്തടിക്കല്‍, കസേര കളി, സെവന്‍ അപ്പ് കളി തുടങ്ങി കുട്ടികള്‍ക്കായി നിരവധി മത്സരങ്ങള്‍ നടന്നു. ഇടവേളകളില്‍ വിവിധ നൃത്തങ്ങളും പാട്ടുകളും ചോദ്യോത്തര പരിപാടിയും ഹൃദ്യമായി. റിയാദിലെ അറിയപ്പെടുന്ന ഗായകര്‍ പങ്കെടുത്ത ഗാനമേളയോടെ ആഘോഷപരിപാടികള്‍ക്കു തിരശീല വീണു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍