കേളി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Monday, September 14, 2015 5:08 AM IST
റിയാദ്: കിംഗ് സൌദ് മെഡിക്കല്‍ സിറ്റിയുമായി (ശുമേസി ആശുപത്രി) സഹകരിച്ച് റിയാദ് കേളി കലാ സാംസ്കാരികവേദിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹരാജിലെ അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റിലായിരുന്നു ക്യാമ്പ് നടന്നത്. സെപ്റ്റംബര്‍ പതിനൊന്നിനു വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്കുശേഷവും തുടര്‍ന്നു. അഞ്ഞൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തതായി കേളി സെക്രട്ടറി റഷീദ് മേലേതില്‍ പറഞ്ഞു. രക്തദാനം നടത്തുന്നതിനായി കേളി പ്രവര്‍ത്തകരും അല്ലാത്തവരുമായ നിരവധിപേര്‍ രാവിലെ മുതല്‍തന്നെ ക്യാമ്പില്‍ എത്തിച്ചേര്‍ന്നിരുന്നു.

മേഖലയിലെ വിവിധ ആശുപത്രികളില്‍ രക്തത്തിന് ആവശ്യം വര്‍ധിച്ച സാഹചര്യത്തില്‍ കിംഗ് സൌദ് മെഡിക്കല്‍ സിറ്റി ബ്ളഡ്ബാങ്ക് അധികൃതര്‍ കേളിയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്.

കിംഗ് സൌദ് മെഡിക്കല്‍ സിറ്റി ബ്ളഡ് ബാങ്ക് ഡയറക്ടര്‍ ഡോ: ഖാലിദ് ഇബ്രാഹിം സൌഫിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ ഡോ. സയ്യിദ് അഖ്ലാഖ് അംജദ്, ഖാലിദ് അല്‍അംരി, ബില്‍ഖയേത്, കാശ്മീര്‍ എ ബഖില്‍, കൈസര്‍ എ സകീരന്‍, മെഹറുല്‍ ഹഖ്, ഷീല മായി, സുസന്നെ പി. ലിയനൊ, ജോവന്‍ എന്നിവരടങ്ങുന്ന വിപുലമായ മെഡിക്കല്‍ സംഘമാണു ക്യാമ്പില്‍ എത്തിയത്. രക്തം സ്വീകരിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും വ്യാഴാഴ്ച്ച രാത്രിതന്നെ ക്യാമ്പില്‍ ഒരുക്കിയിരുന്നു.  എംബസി ഉദ്യോഗസ്ഥര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വിവിധ പ്രവാസി സംഘടനാ ഭാവാഹികള്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, കേളി സെക്രട്ടറി റഷീദ് മേലേതില്‍, പ്രസിഡന്റ് മുഹമ്മദ്കുഞ്ഞു വള്ളികുന്നം, രക്ഷാധികാരിസമിതി അംഗങ്ങള്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, കേളി ജീവകാരുണ്യവിഭാഗം പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍