ഐഎന്‍ഒസി ഷിക്കാഗോ ഭാരവാഹികളുമായി ആന്റോ ആന്റണി എംപി കൂടിക്കാഴ്ച നടത്തി
Monday, September 14, 2015 5:04 AM IST
ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ ആന്റോ ആന്റണി എംപി, ഐഎന്‍ഒസി ഷിക്കാഗോ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

ഐഎന്‍ഒസി കേരളാ ചാപ്റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറിയുടെ വസതിയില്‍ കൂടിയ യോഗത്തില്‍ ഐഎന്‍ഒസി ഷിക്കാഗോയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അമേരിക്കയുടെ വിവിധ സ്റേറ്റുകളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അണിനിരത്തി ഷിക്കാഗോയില്‍ നടന്ന ഐഎന്‍ഒസി കേരള ചാപ്റ്ററിന്റെ ആദ്യത്തെ നാഷണല്‍ കണ്‍വന്‍ഷന്‍ ഒരു ചരിത്രവിജയമാക്കി തീര്‍ക്കാന്‍ സാധിച്ചതിന് ഷിക്കാഗോ ചാപ്റ്റര്‍ ഭാരവാഹികളെ എംപി പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. കണ്‍വന്‍ഷന്‍ സുവനീര്‍ കാണുകയും അടുത്ത കണ്‍വന്‍ഷനില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു.

ഐഎന്‍ഒസി കേരള ചാപ്റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സിനു പാലയ്ക്കത്തടം, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോണി വടക്കുംചേരി, യൂത്ത് കോര്‍ഡിനേറ്റര്‍ സുഭാഷ് ജോര്‍ജ്, മറ്റ് കമ്മിറ്റി അംഗങ്ങളായ അലക്സ് പുതുവേലില്‍, ജോര്‍ജ് കൊട്ടുകാപ്പള്ളി, ജോസ് കാവിലവീട്ടില്‍, പ്രവാസി കേരള കോണ്‍ഗ്രസ് പ്രസിഡന്റ് ജെയ്ബു മാത്യു കുളങ്ങര തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം