സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട്: നിലപാടുകളില്‍ ഉറച്ച് ബിഒഡി
Saturday, September 12, 2015 9:18 AM IST
മസ്ക്കറ്റ്: ഇന്ത്യന്‍ സ്കൂള്‍ ഡാര്‍സൈറ്റില്‍ തുടങ്ങിയ ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ മറ്റു സ്കൂളുകളിലും ഏര്‍പ്പെടുത്താന്‍ ഒമാനിലെ 19 സ്കൂളുകളുടെ ചുമതലക്കാരായ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ ഇന്ത്യന്‍ സ്കൂള്‍ ഡാര്‍സൈറ്റില്‍ 670 ഉം മബേലയില്‍ 350 കുട്ടികളും സ്കൂളില്‍നിന്നു നേരിട്ടുള്ള ട്രാന്‍സ്പോര്‍ട്ട് സൌകര്യം ഉപയോഗിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി ഈ വര്‍ഷംതന്നെ ഇന്ത്യന്‍ സ്കൂള്‍ മസ്ക്കറ്റില്‍ സ്കൂളിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമം ആരംഭിച്ചതായി ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ് പറഞ്ഞു.

ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ 44,351 കുട്ടികളും 1610 അധ്യാപകരുമാണുള്ളത്. ഒമാനിലെ ഗതാഗത മന്ത്രാലയത്തിന്റെ ആര്‍ട്ടിക്കിള്‍ 11/323/2008 പ്രകാരം ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഉത്തരവാദിത്തമുണ്ട്. ഇതുപ്രകാരം അതത് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ക്കു സ്കൂളുകളുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ക്കു ബിഒഡിയുടെ ഭാഗത്തുനിന്നു പൂര്‍ണ പിന്തുണ നല്‍കുമെന്നു ചെയര്‍മാന്‍ പറഞ്ഞു.

ഒമാനിലെ എല്ലാ മന്ത്രാലയങ്ങളും ഇതുമായി പൂര്‍ണമായി സഹകരിക്കാനും റോയല്‍ ഒമാന്‍ പോലീസ് മാതൃകാപരമായ ഈ സംവിധാനം മറ്റു സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാനും തയാറായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ലഭിച്ച 5200 അഡ്മിഷന്‍ അപേക്ഷകളും സ്വീകരിക്കാന്‍ ബോര്‍ഡിനു കഴിഞ്ഞു. സാധനങ്ങളുടെ വാങ്ങല്‍ ഉള്‍പ്പെടെയുള്ള സ്കൂളുകളുടെ ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കും. ഇതിനു പര്യാപ്തമായ പര്‍ച്ചേസ് കണ്‍ട്രോള്‍ മാനുവല്‍ ഉള്‍പ്പെടെ തയാറാകുന്നു. വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ കാമ്പസുകളില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി 'സേഫ്റ്റി ടാസ്ക്ഫോഴ്സുകള്‍' പ്രാബല്യത്തില്‍ വന്നു. സമയ ബന്ധിതമായി സേഫ്റ്റി ടാസ്ക്ഫോഴ്സ് ടീമുകള്‍ സേഫ്റ്റി ഓഡിറ്റുകള്‍ നടത്തും.

ഐഎസ്എം ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബോര്‍ഡ് ഭാരവാഹികളായ കിരണ്‍ ആഷര്‍, സി.എം. നജീബ്, ബഷീര്‍ മൊഹമ്മദ്, ബോര്‍ഡ് ഉപദേശകന്‍ കമാന്‍ഡര്‍ (റിട്ട.) ഡോ. മാത്യു ഏബ്രഹാം, അസിസ്റന്റ് ഉപദേശകന്‍ ഡോ. അലക്സ് സി. ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം