നാമം- മഞ്ച് ഓണാഘോഷത്തിനു മിഴിവേകന്‍ 'എട്ടുവീട്ടില്‍ പയ്യന്‍സിന്റെ' തിരുവാതിരയും
Saturday, September 12, 2015 5:06 AM IST
ന്യൂജേഴ്സി: ഓണത്തെ എല്ലാ തനിമയോടും ചാരുതയോടും വരവേല്‍ക്കാന്‍ നാമവും മഞ്ചും സംയുക്തമായി ഒരുങ്ങിക്കഴിഞ്ഞു. 2015 സെപ്റ്റംബര്‍ 19ന് എഡിസണ്‍ ഹേര്‍ബെര്‍ട്ട് ഹ്യൂവര്‍ മിഡില്‍ സ്കൂളില്‍ രാവിലെ പന്ത്രണ്േടാടെ ആരംഭിക്കുന്ന ആഘോഷപരിപാടിയില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ മത്സരങ്ങളും, വിഭവസമൃദ്ധമായ ഓണസദ്യയുമാണ് ഒരുക്കിയിരിക്കുന്നതെന്നു സംയുക്ത ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ സജിത്ത് കുമാര്‍ പറഞ്ഞു.

പ്രജാതത്പരനായ മാവേലി മന്നനെ താലപ്പൊലി, വാദ്യമേളം, പുലികളി, അത്തപ്പൂക്കളം തുടങ്ങിയവയുടെ അകമ്പടിയോടെ സ്വീകരിക്കും. മനോജ് കൈപ്പിള്ളി, സജിത്കുമാര്‍, പ്രേം നാരായണന്‍, സഞ്ജീവ് കുമാര്‍, സിജി ആനന്ദ്, കാര്‍ത്തിക് ശ്രീധര്‍, അജിത് കണ്ണന്‍, സുനില്‍ രവീന്ദ്രന്‍ എന്നിവര്‍ ഒരുമിക്കുന്ന 'എട്ടുവീട്ടില്‍ പയ്യന്‍സിന്റെ' തിരുവാതിര നാമം-മഞ്ച് ഓണാഘോഷങ്ങളുടെ മുഖമുദ്രയായിരിക്കും.

സംഘടനാംഗങ്ങള്‍ നയിക്കുന്ന വള്ളംകളിയും ഓണത്തിന്റെ ഉത്സവലഹരിയുടെ ആവേശമുണര്‍ത്തിക്കൊണ്ട് വടംവലിയും സജ്ജീകരിച്ചിട്ടുണ്ട്.

നാമവും മഞ്ചും ഒരുക്കുന്ന ഓണാഘോഷത്തില്‍ പങ്കെടുക്കുന്ന ഓരോ മലയാളിക്കും മായാത്ത ഓര്‍മകള്‍ സമ്മാനിക്കാന്‍ ഉതകുന്ന പരിപാടികള്‍ ക്രമീകരിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന കണ്‍വീനര്‍മാരായ സജിത് കുമാര്‍, അജിത് പ്രഭാകര്‍, സജിമോന്‍ ആന്റണി, എന്നിവരും വിവിധ കമ്മിറ്റികള്‍ക്കു നേതൃത്വം നല്‍കുന്ന വിദ്യാ രാജേഷ്, അപര്‍ണ്ണ അജിത് കണ്ണന്‍ തുടങ്ങിയവരെ നാമം രക്ഷാധികാരി മാധവന്‍ ബി നായര്‍, നാമം പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി, മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ് എന്നിവര്‍ അഭിനന്ദിക്കുകയും, ന്യൂജേഴ്സിയിലെ എല്ലാ മലയാളികളെയും ഓണവിരുന്നില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം