'ആത്മഹത്യയെ പ്രതിരോധിക്കുവാന്‍ ഒന്നിക്കുക'
Friday, September 11, 2015 6:46 AM IST
ദോഹ: ആത്മഹത്യ ഒരു മാനസികരോഗമാണെന്നും സ്നേഹവും സൌഹാര്‍ദ്ദവും കൈമുതലാക്കി ഈ ദുരന്തത്തെ പ്രതിരോധിക്കുവാന്‍ എല്ലാ മനുഷ്യ സ്നേഹികളും ഒന്നിക്കണമെന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ഗിരീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി ദോഹയില്‍ മീഡിയ പല്‍സ് നീരജ് ഫൌണ്േടഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രീയമായ ഇടപെടലുകളും ആവശ്യമായ കൌണ്‍സലിംഗും നല്‍കിയാല്‍ മിക്ക ആത്മഹത്യകളും തടയാനാകും. ആത്മഹത്യാ പ്രതിരോധം സാമൂഹ്യബാധ്യതയാണെന്നും വ്യക്തി തലത്തിലും സമൂഹതലത്തിലും യുക്തമായ ഇടപെടലുകളിലൂടെ ആരോഗ്യകരമായ മാറ്റം സാധ്യമാണെന്ന സന്ദേശമാണ് ആത്മഹത്യാ പ്രതിരോധ ദിനം ഓര്‍മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ പ്രസിഡന്റും ഗവേഷകനുമായ റൌസ് അഹ്മദ് വിഷയമവതരിപ്പിച്ചു. ആത്മഹത്യക്കു മാനസികവും ശാരീരികവും സാമ്പത്തികവുമായ നിരവധി കാരണങ്ങളുണ്െടന്നും കാരണമറിഞ്ഞുകൊണ്ടുള്ള സമീപനത്തിനു മാത്രമേ ഫലമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ പേരന്റിംഗും സാമൂഹിക ബോധവും ആത്മഹത്യകളെ ഇല്ലാതാക്കുവാന്‍ സഹായകമാകും. ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളും തീര്‍ക്കുന്ന സമ്മര്‍ദ്ദങ്ങളാണ് ആത്മഹത്യയിലേക്കു നയിക്കുന്നതെന്നും ഇതില്ലാക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. സമ്മര്‍ദ്ദം, നിരാശ, ജീവിതവീക്ഷണമില്ലായ്മ, ശാരീരികവും മാനസികവുമായ രോഗങ്ങള്‍ മുതലായ പല കാരണങ്ങളും ആത്മഹത്യയിലേക്കെത്തിക്കാമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിതത്തിന് വ്യക്തമായ ലക്ഷ്യമുണ്െടന്നും ലക്ഷ്യ ബോധവും ആത്മീയ ചിന്തയും ഏതു പ്രതിസന്ധികളെയും തരണം ചെയ്യുവാന്‍ സഹായിക്കുമെന്നും കല്‍ക്കോണ്‍ റീജണല്‍ ഹെഡ് ജുറൈജ് ഇത്തിലോട്ട് പറഞ്ഞു.

ലോകത്തെമ്പാടുമുള്ള ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മെഴുകുതിരി കത്തിച്ചാണു പരിപാടികള്‍ തുടങ്ങിയത്.

മീഡിയ പള്‍സ് സിഇഒ. അമാനുള്ള വടക്കാങ്ങര, മാര്‍ക്കറ്റിംഗ് കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍, അല്‍ ഹയ്കി ട്രന്‍സ് ലേഷന്‍സ് മാനേജര്‍ മുഹമ്മദ് സലീം, മുഹമ്മദ് ഷഫീഖ് എന്നിവര്‍ സംസാരിച്ചു.