കേഫാക് ഫുട്ബാള്‍ ലീഗിനു വെള്ളിയാഴ്ച തുടക്കം
Friday, September 11, 2015 6:30 AM IST
കുവൈത്ത് : കേരള എക്സ്പാറ്റ്സ് ഫുട്ബാള്‍ അസോസിയേഷന്റെ (കേഫാക്) നേതൃത്വത്തില്‍ നാലാമത് കേഫാക് ഫുട്ബാള്‍ ലീഗ് സീസണ്‍ സെപ്റ്റംബര്‍ 11നു (വെള്ളി) വൈകുന്നേരം മിശ്രിഫിലെ പബ്ളിക് അഥോറിറ്റി യൂത്ത് സ്റേഡിയത്തില്‍ തുടക്കം കുറിക്കും.

കുവൈത്തിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കുവൈത്ത് മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ തരാം അലി അബ്ദുള്‍ റിദ ജാസിം മുഖ്യാതിഥിയായിരിക്കും. കുവൈത്തിലെ പ്രമുഖ 18 ടീമുകള്‍ ലീഗില്‍ പങ്കെടുക്കും. ലീഗ് അടിസ്ഥാനത്തിലാണു മത്സരങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ ഫഹാഹീല്‍ ബ്രദേഴ്സ്, മലപ്പുറം ബ്രദേഴ്സ്, സോക്കര്‍ കേരള, മാക് കുവൈത്ത്, സിഎഫ്സി സാല്‍മിയ, യംഗ് ഷൂട്ടേഴ്സ് അബാസിയ, കേരള ചലഞ്ചേഴ്സ്, കെ.കെ. സുറ, ബിഗ് ബോയ്സ്, അല്‍ശബാബ് എഫ്സി, ചാമ്പ്യന്‍സ് എഫ്സി, ബ്രദേഴ്സ് കേരള, സ്പാര്‍ക്സ് എഫ്സി, അല്‍ ഫോസ് രൌദ എഫ്സി, സിയാസ്കോ കുവൈത്ത്, സില്‍വര്‍ സ്റാര്‍, ബ്ളാസ്സ്റേഴ്സ് എഫ്സി കുവൈത്ത്, ഇന്ത്യന്‍ സ്ട്രൈക്കേഴ്സ് എന്നീ ടീമുകള്‍ ഇരു ഗ്രൂപ്പികളിലായി മത്സരിക്കും.

9 മാസക്കാലം നീണ്ടു നില്‍ക്കുന്ന സോക്കര്‍ മാമാങ്കം എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് 3.30 മുതല്‍ രാത്രി 8.30 വരെയാണ് നടക്കുക. കുവൈത്തിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കാനുള്ള സൌകര്യമൊരുക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 66619649, 99534500, 99288672.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍