ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോന ദശാബ്ദിയാചരണത്തിനു തുടക്കമായി
Friday, September 11, 2015 4:49 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ദശാബ്ദി ആചരണം, ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, ഇപ്പോഴത്തേയും, കഴിഞ്ഞ വര്‍ഷങ്ങളില്‍ എക്സിക്യൂട്ടീവില്‍ സേവനം ചെയ്തവരുടെയും സന്നിധ്യത്തില്‍ സെപ്റ്റെംബര്‍ ആറിനു (ഞായറാഴ്ച) 9.45 നുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഉദ്ഘാടനം ചെയ്തു.

ഇടവക സ്ഥാപിക്കുവാനുണ്ടായ സാഹചര്യങ്ങളും, ദേവാലയത്തിനുവേണ്ടി പ്രാര്‍ഥിച്ചതും, ദൈവാനുഗ്രഹത്താല്‍, പ്രവാസി ക്നാനായക്കാരുടെ പ്രഥമദൈവാലയമായി, ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഇടവകയുണ്ടായതും, നമ്മളുടെ വളര്‍ച്ചയില്‍ പ്രചോദിതരായി, അമേരിക്കയില്‍ മറ്റ് 11 പുതിയ പള്ളികള്‍ ഉണ്ടായതും മുത്തോലത്തച്ചന്‍ ഓര്‍മപ്പെടുത്തി. കാരുണ്യവാനായ ദൈവം ഇടവകക്കും, എല്ലാ ക്നാനായക്കാര്‍ക്കും ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതുമായ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഈ വര്‍ഷത്തില്‍ പ്രത്യേകം നന്ദി പറയണമെന്നും, തിരുഹൃദയ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന ഈ ഫൊറോനയില്‍ പുതിയതായി തുടങ്ങിയ വെള്ളിയാഴ്ചകളിലെ തിരുഹൃദയത്തിന്റെ നൊവേനകള്‍ അതിനു കൂടുതല്‍ പ്രചോദനമാകട്ടെയെന്നും ഫാ. എബ്രാഹം മുത്തോലത്ത് ഉത്ബോധിപ്പിച്ചു. കൂടാതെ ഈ ദൈവാലയം സ്ഥാപിക്കുവാനും, അതിന്റെ വളര്‍ച്ചയ്ക്കും സഹകരിച്ച എല്ലാവര്‍ക്കും മുത്തോലത്തച്ചന്‍ പ്രത്യേകം നന്ദി പറയുകയും, തുടര്‍ന്നും അവരുടെ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി