പ്രവീണ്‍ വധം: തെറ്റിദ്ധാരണ ഖേദകരമെന്നു മാതാപിതാക്കള്‍
Friday, September 11, 2015 4:48 AM IST
ഷിക്കാഗോ: പ്രവീണ്‍ വധത്തോടനുബന്ധിച്ച് കാര്‍ബണ്‍ഡെയ്ല്‍ സിറ്റിക്കും പോലീസിനുമെതിരേ ഫയല്‍ ചെയ്ത കേസുകള്‍ അകാരണമായി പിന്‍വലിച്ചു എന്നതരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നു പ്രവീണിന്റെ മാതാപിതാക്കളായ മാത്യുവും ലൌലിയും അറിയിച്ചു. കേസിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തടസം ഉണ്ടാകാതിരിക്കാനും കേസിന്റെ പോലീസ് അന്വേഷണ റിപ്പോര്‍ട്ടും മറ്റു റിക്കോര്‍ഡുകളും വിട്ടുകിട്ടാന്‍ വേണ്ടിയാണ് സിറ്റിക്കും പോലീസിനുമെതിരേയുള്ള കേസുകള്‍ പിന്‍വലിച്ചതെന്ന് അവര്‍ പറഞ്ഞു.

കേസിലെ പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാനും മറ്റു അഴിമതിക്കാരായ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ ജനമധ്യത്തില്‍ തുറന്നുകാട്ടുവാനുമുള്ള ഈ പോരാട്ടത്തിനുവേണ്ടിയാണു ഇപ്രകാരമുള്ള ഒരു നീക്കം നടത്തേണ്ടിവന്നതെന്നു പ്രവീണിന്റെ മാതാപിതാക്കള്‍ അറിയിച്ചു. ഇത് കേസില്‍നിന്നുള്ള പിന്മാറ്റമല്ലെന്നും കേസിന്റെ മുന്നോട്ടുള്ള പോക്കിനു ഇതു ആവശ്യമാണെന്ന വിദഗ്ധ നിയമോപദേശത്തിന്റെ പേരിലാണു ഇതു ചെയ്തതെന്നും അവര്‍ പറഞ്ഞു. കേസ് റീഫയല്‍ ചെയ്യുവാന്‍ ഒരുവര്‍ഷം കോടതി കുടുംബത്തിന് അവധി അനുവദിച്ചിട്ടുണ്ട്. ഇതുവരേയും പ്രവീണിന്റെ കേസ് റിപ്പോര്‍ട്ടോ വസ്ത്രം, ഫോണ്‍, ലാപ്ടോപ് തുടങ്ങിയവയൊന്നും കുടുംബത്തിന് നല്‍കിയിട്ടില്ല. റിപ്പോര്‍ട്ടിനു വേണ്ടി നല്‍കിയ എഛകഅ (എൃലലറീാ ീള കിളീൃാമശീിേ അര) ആപ്ളിക്കേഷന്‍ കാര്‍ബണ്‍ഡെയ്ല്‍ അധികാരികള്‍ സിറ്റിക്കെതിരേ കേസ് ഫയല്‍ ചെയ്തിരിക്കെയാണ് എന്ന മറവില്‍ പലവട്ടം നിരാകരിക്കുകയായിരുന്നു. ഇതിനെതിരേ കുടുംബം അറ്റോര്‍ണി ജനറലിന് അപ്പീല്‍ കൊടുത്തതിന്റെ വെളിച്ചത്തില്‍, അറ്റോര്‍ണി ജനറല്‍ കാര്‍ബണ്‍ഡെയ്ല്‍ അധികാരികളോട് റിപ്പോര്‍ട്ട് തടയലിന്റെ കാണം ആവശ്യപ്പെട്ടിട്ടുണ്ട്. പൊളിറ്റിക്കല്‍ നേതാക്കള്‍ വഴി കാര്‍ബണ്‍ഡെയ്ല്‍ അധികാരികളുമായി ഒരു ചര്‍ച്ചയ്ക്കും ഈ തീരുമാനം വഴിയൊരുക്കുന്നു. കേസ് പരിപൂര്‍ണമായി തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കോടയില്‍ അപ്പീല്‍ കൊടുത്തിരുന്ന അധികാരികള്‍ക്കു കുടുംബത്തിന് അനുകൂലമായി സ്വന്തമായി പിന്മാറാനും ഒരുവര്‍ഷത്തിനകം റീഫയല്‍ ചെയ്യാനും കോടതി നല്‍കിയ വിധി ഒരു തിരിച്ചടിയായി.

ഗേജ് ബഥൂണിനെതിരേയുള്ള കേസിന്റെ വാദം 2016 ഫെബ്രുവരി 15-നു തുടങ്ങും. അപ്പോഴേയ്ക്കും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന വിശ്വാസത്തിലാണു കുടുംബം.

കേസിന്റെ പുരോഗതിക്കും മറ്റെല്ലാതരത്തിലും ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ചു മലയാളി സമൂഹം നല്‍കുന്ന നിസ്വാര്‍ഥ പിന്തുണയ്ക്കും പ്രവീണ്‍ ആക്ഷന്‍ കൌണ്‍സിലിനും കുടുംബം നന്ദി അറിയിച്ചു. കേസ് ഊര്‍ജ്ജിതമായിത്തന്നെ മുമ്പോട്ടു കൊണ്ടുപോകുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫാ. ലിജു പോള്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം