കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷ പരിപാടികള്‍ വര്‍ണാഭമായി
Thursday, September 10, 2015 4:16 AM IST
ന്യൂയോര്‍ക്ക്: 2015 സെപ്റ്റംബര്‍ അഞ്ചിനു ശനിയാഴ്ച വൈകുന്നേരം ക്യൂന്‍സ് ഗ്ളെന്‍ഓക്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ഓണാഘോഷപരിപാടികള്‍ പൂര്‍വ്വാധികം വര്‍ണ്ണാഭമായി. പത്തനംതിട്ട എം.പി ആന്റോ ആന്റണി, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. ജോയി തോമസ്, കേരളാ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അംഗം സിമി റോസ്ബെല്‍ ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മഹാബലിയേയും മുഖ്യാതിഥികളേയും ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. സെക്രട്ടറി ബേബി ജോസ് അതിഥികള്‍ക്കും നിറഞ്ഞ സദസിനും സ്വാഗതം അരുളി. സമാജം പ്രസിഡന്റ് കുഞ്ഞ് മാലിയില്‍ കേരള സമാജത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രസംഗിക്കുകയും ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും ചെയ്തു. ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ വിന്‍സെന്റ് സിറിയക് തന്റെ പ്രസംഗത്തില്‍ കേരള സമാജത്തിന് സ്വന്തമായി ഒരു ആസ്ഥാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകതേയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചിരിക്കുന്നതായും അറിയിച്ചു.

അഡ്വ, സക്കറിയാ കരുവേലി മുഖ്യാതിഥി പത്തനംതിട്ട എം.പി ആന്റോ ആന്റണിയെ സദസിനു പരിചയപ്പെടുത്തി. പ്രവാസി മലയാളികള്‍ കേരള പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ കാണിക്കുന്ന താത്പര്യത്തെ പ്രശംസിക്കുകയും അദ്ദേഹം ഓണാശംസകള്‍ നേരുകയും ചെയ്തു. മുഖ്യ പ്രാസംഗികന്‍ അഡ്വ. ജോയി തോമസ്, സിമി റോസ്ബെല്‍ ജോണ്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.

ഫൊക്കാനാ ജനറല്‍ സെക്രട്ടറി അഡ്വ. വിനോദ് കെയാര്‍കെ. ഫോമാ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് എന്നിവര്‍ ഓണാശംസകള്‍ അര്‍പ്പിച്ചു. ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്റി പോള്‍ കറുകപ്പള്ളി, വിവിധ സംഘടനാ നേതാക്കന്മാര്‍ എന്നിവരുടെ സാന്നിധ്യം ഈവര്‍ഷത്തെ ഓണാഘോഷപരിപാകളെ കൂടുതല്‍ ധന്യമാക്കി.

കേരള പാരമ്പര്യത്തിന്റെ സ്വന്തമായ തിരുവാതിര, വള്ളംകളി എന്നിവയോടൊപ്പം നടന്ന യുവകലാകാരന്മാരുടെ ഡാന്‍സ്, പാട്ട് എന്നിവ ഓണാഘോഷങ്ങള്‍ക്ക് കൂടുതല്‍ ചാരുത പകര്‍ന്നു. കോരസണ്‍ വര്‍ഗീസ്, സിബി മോള്‍ നിരവത്ത് എന്നിവര്‍ പരിപാടികളുടെ എം.സിമാരായി പ്രവര്‍ത്തിച്ചു. ഫിലിപ്പ് മഠത്തില്‍ ഓണാഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തോമസ് മത്തായിയും കുടുംബവും ചേര്‍ന്ന് ഒരുക്കിയ പൂക്കളം പ്രത്യേക ശ്രദ്ധപിടിച്ചുപറ്റി. കലാപരിപാടികള്‍ക്കുശേഷം നടന്ന സ്വാദിഷ്ടമായ ഓണസദ്യയില്‍ ഏകദേശം അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം