ഷാജന്‍ ആനിത്തോട്ടത്തിന്റെ കവിതാ സമാഹാരം 'പൊലിക്കറ്റ' പ്രകാശനം ചെയ്തു
Thursday, September 10, 2015 4:15 AM IST
കോഴിക്കോട്: ലാന പ്രസിഡന്റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടത്തിന്റെ പ്രഥമ കവിതാസമാഹാരം 'പൊലിക്കറ്റ' പ്രകാശനം ചെയ്തു. ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ വസതിയില്‍ വച്ച് നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം ബഷീറിന്റെ പുത്രനും പത്രപ്രവര്‍ത്തകനുമായ അനീസ് ബഷീറിന് പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കികൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

'ബേപ്പൂര്‍ സുല്‍ത്താന്‍' എന്ന് അക്ഷരസ്നേഹികള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ ജീവിതത്തിന്റെ വലിയൊരു കാലഘട്ടം ചിലവഴിച്ചിരുന്ന വയിലാലില്‍ വീടിന്റെ മുറ്റത്ത്, അദ്ദേഹം നട്ട് വളര്‍ത്തിയതും അനവധി കൃതികള്‍ക്ക് അദ്ദേഹം ജന്മം നല്‍കിയതുമായ മാങ്കോസ്റിന്‍ മരച്ചുവട്ടില്‍ വച്ച് നടന്ന പ്രകാശന ചടങ്ങില്‍ കാലിക്കറ്റ് വാഴ്സിറ്റി മുന്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറും അദ്ധ്യാപകനുമായിരുന്ന പ്രൊഫ. ഈ.ജെ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അനീസ് ബഷീറിന്റെ കുടുംബാംഗങ്ങളും സ്നേഹിതരും ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിലെയും അമേരിക്കയിലെയും രാഷ്ട്രീയ, സാമൂഹ്യ ജീവിത മേഖലകളിലെ വിവിധ വിഷയങ്ങളെ അധികരിച്ച് രചിച്ച 51 കവിതകളാണ് പൊലിക്കറ്റയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രന്ധകാരന്റെ പ്രഥമ കഥാസമാഹാരമായ 'ഹിച്ച്ഹൈക്കര്‍' കഴിഞ്ഞ വര്‍ഷം തുഞ്ചന്‍പറമ്പില്‍ നടന്ന ലാന കേരള കണ്‍വന്‍ഷനില്‍ വച്ച് എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തിരുന്നു.

പ്രൊഫ. മാത്യു ത്രാലിന്റെ അവതാരികയും സി. രാധാകൃഷന്റെ കുറിപ്പും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോപ്പികള്‍ കേരളത്തിലെ പ്രമുഖ പുസ്തകശാലകളില്‍ നിന്നും ലഭിക്കുന്നതാണ്.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ