ശങ്കരത്തില്‍ കുടുംബസംഗമം അമേരിക്കയില്‍ നടന്നു
Thursday, September 10, 2015 4:15 AM IST
ന്യൂയോര്‍ക്ക്: പുരാതനവും ചരിത്രപ്രസിദ്ധവുമായ ശങ്കരത്തില്‍ കുടുംബത്തിലെ അമേരിക്കയിലും കാനഡയിലും വസിക്കുന്ന കുടുംബാംഗങ്ങളുടെ വര്‍ഷങ്ങളായി നടത്തിവരുന്ന സമ്മേളനം ഓഗസ്റ് 22-നു ശനിയാഴ്ച ന്യൂയോര്‍ക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍, ( ലെവിടൌണ്‍, ലോംഗ്ഐലന്റ്)് ഓഡിറ്റോറിയത്തില്‍ നടത്തി. രാവിലെ എട്ടിനു കുടുംബയോഗം പ്രസിഡന്റ് വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്ക്കോപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.

പ്രസിഡന്റും, വൈസ് പ്രസിഡന്റുമാരായ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളായ വൈദികരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി സമ്മേളനം ഉത്ഘാടനം ചെയ്തു. കുടുംബത്തില്‍ നിന്നും വാങ്ങിപ്പോയ വൈദികരെയും പിതാക്കന്മാരെയും അനുസ്മരിച്ചു കൊണ്ടാണ്യോഗം ആരംഭിച്ചത്. സെക്രട്ടറി സജീവ് ശങ്കരത്തില്‍ സ്വാഗതപ്രസംഗം നടത്തി. ജോസ് വര്‍ഗീസ് മാസ്റര്‍ ഓഫ് സെറിമണിയായി പ്രവര്‍ത്തിച്ചു. റവ. ഫാ. ഡോ. സി.കെ. രാജന്‍ ശങ്കരത്തില്‍ കുടുംബയോഗത്തിന്റെ ആവശ്യകതയേയും ശ്രേഷ്ഠതയെയും പുരസ്ക്കരിച്ചു സംസാരിച്ചു. മുഖ്യാതിഥികളായ പി.ഐ. ജോണ്‍, ഡോ. പോള്‍ തോട്ടത്തില്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

പന്തളം ശങ്കരത്തില്‍ കുടുംബാംഗങ്ങളായ അഞ്ചു വെദികര്‍ അമേരിക്കയിലും, അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ ഉള്‍പ്പടെ ഒന്‍പതു വൈദികര്‍ കേരളത്തിലും ഉണ്ട് ഇവരില്‍ പൊതു കുടുംബയോഗത്തിന്റെ പ്രസിഡന്റ് റവ. ഫാ. ജോണ്‍ ശങ്കരത്തില്‍, അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കേറെപ്പിസ്ക്കോപ്പ എന്നിവര്‍ രക്ഷാധികാരികളുമാണ്്.

സുപ്രസിദ്ധ കവയിത്രി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, പാലൂര്‍, പറവൂര്‍ മുതല്‍ ശങ്കരപുരി കുടുംബാംഗങ്ങള്‍ അമേരിക്കയില്‍ എത്തിയതു വരെയുള്ള ചരിത്രം കവിതയായി രചിച്ച് ആലപിച്ചു. ശ്രീമതി സജി വര്‍ഗീസ്, വിനീത് വര്‍ഗീസ്, എന്നിവരുടെ ഗാനാലാപനം സമ്മേളനത്തിനു മാറ്റു കൂട്ടി.

ട്രഷറര്‍ രാജു ശങ്കരത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. യോഹന്നാന്‍ ശങ്കരത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി. യോഹന്നാന്‍ ശങ്കരത്തില്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം