ഡാളസില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഓണം ആഘോഷിച്ചു
Wednesday, September 9, 2015 8:07 AM IST
ഗാര്‍ലന്റ് (ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ളെക്സിലെ മൂന്നു ഡബ്ള്യുഎംസി പ്രൊവിന്‍സുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍കൊണ്ടും വ്യത്യസ്ത അവതരണ രീതികള്‍ കൊണ്ടും അവിസ്മരണീയ അനുഭവമായി മാറി.

സെപ്റ്റംബര്‍ അഞ്ചിനു (ശനി) രാവിലെ 11 നു ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആന്‍സി തലച്ചെല്ലൂര്‍, ലിജി സോയ് എന്നിവര്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു. അലക്സ് അലക്സാണ്ടാര്‍ മുഖ്യാതിഥിയായിരുന്നു. പത്തനാപുരം സെന്റ് സ്റീഫന്‍സ് സ്കൂള്‍ ആന്‍ഡ് കോളജ് മാനേജര്‍ റവ. റമ്പാന്‍ ജോസഫിനെ സദസിനു പരിചയപ്പെടുത്തി.

ഡാളസ് പ്രൊവിന്‍സ് പ്രസിഡന്റ് വര്‍ഗീസ് മാത്യു സ്വാഗതമാശംസിച്ചു. റവ. ജോസഫ് റമ്പാന്‍, വേള്‍ഡ് മലയാളി കൌണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി ഗ്ളോബല്‍ നേതാവ് ഗോപാല പിളള ആശംസാപ്രസംഗം നടത്തി.

തുടര്‍ന്ന് ആഘോഷങ്ങളുടെ ഭാഗമായി വിവിധ നൃത്തനൃത്യങ്ങളും കലാ പ്രകടനങ്ങളും സ്കിറ്റുകളും അരങ്ങേറി. കലാരംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ സമ്മാനിച്ചു.

രോഹിത നായര്‍ ഓണാഘോഷ പരിപാടികളുടെ മാസ്റര്‍ ഓഫ് സെറിമണിയായിരുന്നു.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍