റിസാല സ്റഡി സര്‍ക്കിള്‍ ഏഴാമത് സാഹിത്യോത്സവുകള്‍ക്ക് അരങ്ങുണര്‍ന്നു
Wednesday, September 9, 2015 8:02 AM IST
ദുബായി: മണലാരുണ്യത്തിലെ മലയാളികള്‍ക്ക് സര്‍ഗാസ്വാദനത്തിന്റെ വേദികളൊരുക്കി റിസാല സ്റഡി സര്‍ക്കിള്‍ ഏഴാമത് സാഹിത്യോത്സവുകള്‍ക്ക് അരങ്ങുണര്‍ന്നു. നാഷണല്‍ സാഹിത്യോത്സവിന്റെ ബ്രോഷര്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം ബനിയാസ് സ്പൈക്ക് എംഡി അബ്ദുറഹ്ാന്‍ ഹാജി കുറ്റൂരിനു നല്‍കി പ്രകാശനം ചെയ്തു.

നാഷണല്‍ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരണവും പ്രചാരണോദ്ഘാടനവും സെപ്റ്റംബര്‍ 11 നു (വെള്ളി) വൈകുന്നേരം ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസേസിയേഷന്‍ ഹാളില്‍ നടക്കും സാമൂഹിക സാംസ്കാരിക വ്യാവസായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

സെപ്റ്റംബര്‍ 18ന് യുഎഇയില്‍ യൂണിറ്റ് സാഹിത്യോത്സവുകള്‍ക്കു തുടക്കമാവും. ഒക്ടോബര്‍ 15നു സെക്ടര്‍ സാഹിത്യോത്സവുകളും 25നു സോണ്‍ സാഹിത്യോത്സവുകളും പൂര്‍ത്തിയാകും. യുഎഇ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 20നു ഷാര്‍ജയില്‍ നടക്കും. ഉദ്ഘാടന, സമാപന വേദികളില്‍ ഗള്‍ഫിലെ സാംസ്കാരിക, സാമൂഹിക പ്രമുഖര്‍, ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ പങ്കെടുക്കും.

ഇശലുകളുടെ ഈണവും ദഫ് ബൈത്തിന്റെ താളവും കുരുന്നുകളുടെ പാട്ടും കഥയും വരകളും പ്രഭാഷണങ്ങളുടെ പ്രോജ്വലതകളുമായി പ്രവാസലോകത്തിന് സര്‍ഗ വസന്തമാണ് സാഹിത്യോത്സുകള്‍ സമ്മാനിക്കുന്നത്.

പ്രൈമറി, ജൂണിയര്‍, സെക്കന്‍ഡറി സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ മാപ്പിളപ്പാട്ട്, മാലപ്പാട്ട്, സംഘഗാനം, അറബിഗാനം, ദഫ്മുട്ട്, പ്രസംഗം, കഥ കവിത രചന, പ്രബന്ധം, ചിത്രരചന, ഡോക്യുമെന്ററി സ്പോട്ട് മാഗസിന്‍ തുടങ്ങി 49 കലാ സാഹിത്യ ഇനങ്ങളിലാണ് യുണിറ്റ് സെക്ടര്‍, സോണ്‍, നാഷണല്‍ തലങ്ങളിലായി മത്സരങ്ങള്‍ നടക്കുക. ആര്‍എസ്സി സാഹിത്യോത്സവ് മാനുവല്‍ അനുസരിച്ചാണ് ഗള്‍ഫ് നാടുകളില്‍ ഒരേ സമയം ഏകീകൃത സ്വഭാവത്തില്‍ സാഹിത്യോത്സവുകള്‍ നടക്കുക.

ആസ്വാദനങ്ങള്‍ക്കൊപ്പം പ്രവാസി മലയാളികള്‍ക്കിടയിലെ സര്‍ഗ പ്രതിഭാത്വങ്ങള്‍ക്ക് രംഗാവസരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാഹിത്യോത്സവുകള്‍ സംഘടിപ്പിക്കുന്നതെന്ന് നാഷണല്‍ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കലാ സാഹിത്യ ഇനങ്ങള്‍ക്കൊപ്പം, വൈജ്ഞാനിക ഇനങ്ങള്‍ക്കും എഴുത്ത്, പ്രസംഗം തുടങ്ങിയ സുപ്രധാന ഇനങ്ങള്‍ക്കും സാഹിത്യോത്സവുകളില്‍ പ്രാധാന്യം നല്‍കുന്നു ഗള്‍ഫ് നാടുകളില്‍ ഏകീകൃത സ്വഭാവത്തില്‍ നടക്കുന്ന ഏക കലാസാഹിത്യ മത്സര വേദിയാണ് ആര്‍എസ്സി സാഹിത്യോത്സവുകള്‍.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള