സ്കൂള്‍ പ്രവേശനമില്ല; രക്ഷിതാക്കള്‍ നെട്ടോട്ടം
Wednesday, September 9, 2015 7:58 AM IST
റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളടക്കം മിക്ക ഇന്ത്യന്‍ സ്കൂളുകളിലും ഒരു ക്ളാസിലേക്കും പ്രവേശനം നല്‍കാത്തതിനാല്‍ രക്ഷിതാക്കള്‍ ആശങ്കയില്‍. നിരവധി രക്ഷിതാക്കളാണ് തങ്ങളുടെ കുട്ടികളേയുമായി റിയാദിലെ ഇന്ത്യന്‍ സ്കൂളുകള്‍ കയറിയിറങ്ങുന്നത്. അമിതമായ അഡ്മിഷന്‍ കാരണം മിക്ക ഇന്ത്യന്‍ സ്കൂളുകളിലേയും അഡ്മിഷന്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ സൌദി വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദേശ വിദ്യാഭ്യാസ വകുപ്പ് മേധാവി ഉത്തരവിട്ടതിനാലാണ് പ്രവേശനം നിര്‍ത്തി വയ്ക്കേണ്ടി വന്നതെന്ന് സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ് അധികൃതരും സ്കൂളിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സ്കൂള്‍ പ്രവേശനം നിര്‍ത്തി വയ്ക്കാനും ക്ളാസുകളിലെ കുട്ടികളുടെ അംഗസംഖ്യ കുറയ്ക്കാനോ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനോ ആവശ്യപ്പെട്ടിട്ടുണ്ടത്രെ.

നൂറു കണക്കിനു വിദ്യാര്‍ഥികളാണ് ഈ വര്‍ഷം അഡ്മിഷന്‍ ലഭിക്കാതെ പുറത്തിരിക്കുന്നത്. ചുരുക്കം ചില സ്വകാര്യ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് മാത്രമാണ് പുതിയ കുട്ടികളെ ചേര്‍ക്കാനുള്ള അനുമതിയുള്ളത്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിനേയും ഏതാനും സ്വകാര്യ സ്കൂളുകളേയും അധികൃതര്‍ ശക്തമായി താക്കീത് ചെയ്യുകയും പിഴ ചുമത്തുക വരെ ചെയ്തിട്ടുണ്െടന്നാണ് അറിയുന്നത്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിന്റെ പെണ്‍കുട്ടികളുടെ വിഭാഗം ഏതാനും വര്‍ഷം മുന്‍പാണ് നല്ല സൌകര്യമുള്ള റൌദയിലെ കെട്ടിടത്തില്‍ നിന്നും മലസിലേക്ക് മാറ്റിയത്. കെട്ടിടമുടമ വാടക വര്‍ധിപ്പിച്ചതാണ് കാരണം.

2800 വിദ്യാര്‍ഥികള്‍ക്ക് അധികമായി പ്രവേശനം നല്‍കിയിട്ടുണ്െടന്നും അവരെ സ്കൂളില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ സ്കൂളിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് വരെ വിദ്യാഭ്യാസ വകുപ്പധികൃതര്‍ താക്കീത് ചെയ്തിട്ടുണ്െടന്നും ഒരു മാനേജ്മെന്റ് കമ്മിറ്റി അംഗം പറഞ്ഞു. എന്നാല്‍ മറ്റൊരു കെട്ടിടം കൂടി വാടകക്കെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കുന്നില്ലെന്നും റിയാദില്‍ നിയമങ്ങള്‍ ഏറെ കര്‍ശനമാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ എണ്ണത്തില്‍ ലോകത്തിലെ തന്നെ വലിയ സ്കൂളുകളില്‍ ഒന്നായ ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ 18,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. പത്തോളം കെട്ടിടത്തിലായിട്ടാണ് അവിടെ ക്ളാസുകള്‍ നടക്കുന്നത്.

എത്രയും പെട്ടെന്ന് പുതിയ സൌകര്യങ്ങളൊരുക്കി തലസ്ഥാന നഗരിയിലെ ഇന്ത്യന്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാന്‍ വേണ്ട അവസരമുണ്ടാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഇന്ത്യന്‍ എംബസി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. പ്രശ്നം എംബസി അതികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ഉടന്‍ തന്നെ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ഹേമന്ത് കോട്ടേല്‍വാറിനെ സന്ദര്‍ശിക്കാനുള്ള തയാറെടുപ്പിലാണ് രക്ഷിതാക്കളും റിയാദിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍