എകെഎംജി കണ്‍വന്‍ഷനില്‍ ഓണാഘോഷവും സാഹിത്യസമ്മേളനവും
Tuesday, September 8, 2015 9:17 AM IST
ഫിലാഡല്‍ഫിയ: അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സിന്റെ (എകെഎംജി) കണ്‍വന്‍ഷനോടനുബന്ധിച്ച് രണ്ടാം ദിനം കണ്ടിന്യൂയിംഗ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ക്ളാസുകള്‍ക്കു പുറമെ ഓണാഘോഷവും പൊതുസമ്മേളനവും സാഹിത്യസമ്മേളനവും നടത്തി. ബീനാ മേനോന്റെ നേതൃത്വത്തിലുള്ള അമൃതസന്ധ്യ, കാമ്പസ് കോമഡി തുടങ്ങി വിവിധയിനം പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.

ന്യൂയോര്‍ക്ക് ക്വീന്‍സില്‍ മാവേലിവേഷം കെട്ടിയിട്ടുള്ള അപ്പുക്കുട്ടന്‍ മാവേലിയായി രംഗപ്രവേശം ചെയ്തതോടെ ഓണാഘോഷത്തിനു തുടക്കമായി. തുടര്‍ന്നു ഓണസദ്യയും നടന്നു.

പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ഡോ. അലക്സ് തോമസ് മാസങ്ങളായി തങ്ങള്‍ നടത്തിവരുന്ന കഠിനാധ്വാനത്തിനു ഫലം കണ്ടുവെന്ന് കണ്‍വന്‍ഷന്‍ തെളിയിക്കുന്നതായി ചൂണ്ടിക്കാട്ടി. കണ്‍വന്‍ഷന്‍ ചെയര്‍ ഡോ. ജോസഫ് മാത്യു പ്രസംഗിച്ചു. ഡോ. തോമസ് പി. മാത്യു എഡിറ്ററായി രൂപകല്‍പ്പന ചെയ്ത സുവനീറിന്റെ ഉദ്ഘാടനം ഡോ. തോമസ് പി. ഏബ്രഹാമിനു ആദ്യ കോപ്പി നല്‍കി പ്രസിഡന്റ് ഡോ. അലക്സ് നിര്‍വഹിച്ചു. കേരളത്തില്‍ ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടിയത് ചൂണ്ടിക്കാട്ടിയ ഡോ. തോമസ് മാത്യു, കേരളത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ ഉന്നമനത്തിന് അസോസിയേഷന്‍ അംഗങ്ങള്‍ രംഗത്തുവരണമെന്ന് അഭ്യര്‍ഥിച്ചു.

എകെഎംജി മുന്‍ പ്രസിഡന്റും ഇപ്പോള്‍ 'ആപി'യുടെ ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാനുമായ ഡോ. അരവിന്ദ് പിള്ള കണ്‍വന്‍ഷന്‍ ഭാരവാഹികളെ അഭിനന്ദിച്ചു. നിയുക്ത പ്രസിഡന്റ് ഡോ. സുനില്‍ കുമാറിനും നിയുക്ത കണ്‍വന്‍ഷന്‍ ചെയര്‍ ഡോ. ഉഷാ മോഹന്‍ദാസിനും ആശംസകളും നേര്‍ന്നു.

ഡോ. എം.വി പിള്ള, എകെഎംജിയുടേയും ആപിയുടേയും മുന്‍ പ്രസിഡന്റായ ഡോ. നരേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അലൂമ്നി സംഘടനാ പ്രതിനിധികളായ ഡോ. ജോണ്‍ പണിക്കര്‍, ഡോ. വാസുദേവ് എന്നിവരെ ഡോ. നരേന്ദ്ര കുമാര്‍ സദസിനു പരിചയപ്പെടുത്തി.

അന്തരിച്ച ഡോക്ടര്‍മാരായ ബെറ്റി ബഞ്ചമിന്‍, ജേക്കബ് സി. നൈനാന്‍, മാത്യു എല്‍ദോ, നൈനാന്‍ ടി. മാത്യു, ടി.കെ. ഇടിക്കുള എന്നിവര്‍ക്ക് സമ്മേളനം ആദരാഞ്ലി അര്‍പ്പിച്ചു. ഡോ. ആന്‍ മാത്യു നന്ദി പറഞ്ഞു.

നേരത്തേ, തിരുവനന്തപുരം മെഡിക്കല്‍ കോളജ് അലൂമ്നി അസോസിയേഷന്‍ യോഗത്തില്‍, കേരളത്തില്‍ നടക്കുന്ന വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ ഡോ. ജോസ് പണിക്കരും ഡോ. വാസുദേവനും വിവരിച്ചു.

സാഹിത്യ സമ്മേളനത്തിനു ചുക്കാന്‍ പിടിച്ചത് ഡോ. എം.വി. പിള്ള, ഡോ. റെബേക്ക കുര്യന്‍ എന്നിവരായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നുവന്ന ഡോ. ജോയ് ടി. കുഞ്ഞാപ്പു സാഹിത്യത്തെപ്പറ്റിയും കര്‍ണാടക സംഗീതത്തെപ്പറ്റിയും വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ നടത്തി. എണ്‍പതാം വയസില്‍ താന്‍ കവിയായത് ഡോ. ജോര്‍ജ് ജോസഫ് വിവരിക്കുകയും കവിതകള്‍ ചൊല്ലുകയും ചെയ്തു. ഡോ ശകുന്തള രാജഗോപാല്‍ 2010ല്‍ നിര്യാതനായ ഭര്‍ത്താവ് ഡോ. രാജഗോപാലിന്റെ ഓര്‍മയ്ക്കായി എഴുതിയ പുസ്തകവും ഗംഗയുടെ ഉത്ഭവസ്ഥാനമായ ഗംഗോത്രയിലേക്ക് നടത്തിയ യാത്രയും വിവരിച്ചു. ഡോക്ടര്‍മാരിലെ എഴുത്തുകാരെപ്പറ്റി ഡോ. എം.വി. പിള്ള ചൂണ്ടിക്കാട്ടി.

മീഡിയ ലോജിസ്റിക്സിന്റെ നേതൃത്വത്തില്‍ ഇവന്റ് കാറ്റ്സ്, വിഷ്വല്‍ ഡ്രീംസ് എന്നിവയാണ് സമ്മേളനത്തിനു ചുക്കാന്‍ പിടിച്ചത്. ജയിംസ് ട്രൈസ്റാര്‍ സ്റ്റേജ് ഒരുക്കി. അലക്സ് തോമസ് ജൂണിയര്‍ അമേരിക്കന്‍ ദേശീയഗാനവും ഡോ. റെബേക്ക കുര്യന്‍ ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം