പ്രഫ. പി.ജെ. കുര്യന് ഒഐസിസി സ്വീകരണം നല്‍കി
Tuesday, September 8, 2015 9:16 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കുമെന്നും അവ ഇല്ലാതാകുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍ എംപി. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ഐഎന്‍ഒസി കേരള ചാപ്റ്റര്‍ (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്ക) ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫെയര്‍ മറീനയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം അലങ്കോലപ്പെട്ടുവെങ്കിലും അടുത്തത് പ്രശ്നമില്ലാതെ പോകുമെന്നാണ് താന്‍ കരുതുന്നത്. ജിഎസ്ടി ബില്‍, ലാന്‍ഡ് ബില്‍ എന്നിവ പാസാക്കാന്‍ കഴിഞ്ഞേക്കും. ജിഎസ്ടി ബില്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതാണ്. ലാന്‍ഡ് ബില്ലില്‍ പുതിയ വ്യവസ്ഥകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

വൈവിധ്യവും അതിലെ ഐക്യവുമാണ് നമ്മുടെ ശക്തി. വൈവിധ്യം ഇല്ലാതാക്കി എല്ലാം ഒരുപോലെ ആക്കാമെന്നത് വ്യാമോഹം മാത്രമാണ്. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടതില്‍ താന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. സര്‍ക്കാരും പ്രതിപക്ഷവും ഉറച്ച തീരുമാനമെടുത്തതോടെ ചര്‍ച്ചകള്‍ക്കുള്ള സാധ്യത ഇല്ലാതായി. ശക്തമായ അഭിപ്രായം നല്ല ജനാധിപത്യത്തിന്റെ ലക്ഷണമാണ്. പക്ഷെ ലക്ഷ്മണരേഖ കടക്കരുതെന്നുമാത്രം. പക്ഷേ, കഴിഞ്ഞ സമ്മേളനത്തില്‍ ലക്ഷ്മണരേഖ അത് ലംഘിച്ചു.

ഇന്ത്യയുടെ ശക്തി അതിന്റെ ധാര്‍മികതയും ആത്മീയതയുമാണ്. സ്വാതന്ത്യ്രം കിട്ടുമ്പോള്‍ നാം 30 കോടി മാത്രമായിരുന്നു. അന്ന് നമ്മുടെ അവസ്ഥ എന്തായിരുന്നു? ശക്തമായ അടിത്തറയാണ് കോണ്‍ഗ്രസ് രാജ്യത്തിനു നല്‍കിയത്. അതില്‍ നിര്‍മാണം എളുപ്പമാണ്. പുതിയ ഗവണ്‍മെന്റിന് ജനം അഞ്ചുവര്‍ഷത്തെ മാന്‍ഡേറ്റ് നല്‍കി. അതു തീരുംവരെ നമുക്ക് കാത്തിരിക്കാം.

ഇന്ന് ജനസംഖ്യ 120 കോടിയായി. ഇതില്ലായിരുന്നുവെങ്കില്‍ ഇന്ത്യ എത്രമാത്രം വികസിക്കുമായിരുന്നുവെന്ന് ചിന്തിക്കണം. എന്നിട്ടും ജനാധിപത്യവും പൌരാവകാശവും നിലനിര്‍ത്തി തന്നെ നാം വിജയത്തിലേക്ക് കുതിക്കുന്നു. ഡോ. മന്‍മോഹന്‍ സിംഗ് പത്തുവര്‍ഷം മുമ്പ് പ്രധാനമന്ത്രിയാകുമ്പോള്‍ ഇന്ത്യ സാമ്പത്തിക രംഗത്തു പത്താമതായിരുന്നു. ഇപ്പോഴത് മൂന്നാമതായി. കോണ്‍ഗ്രസ് ഉണ്ടാക്കിയ നേട്ടമാണിത്.

എങ്കിലും ഇപ്പോഴും 30 ശതമാനം ജനം ദാരിദ്യ്രരേഖയ്ക്ക് താഴെയുണ്ട്. അമേരിക്കയിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതല്‍ വരും അത്. 120 കോടി ജനങ്ങളില്‍ 95 കോടിക്ക് മൊബൈല്‍ ഫോണ്‍ ഉണ്െടന്നു പറയുമ്പോള്‍ നമ്മുടെ വളര്‍ച്ച ഊഹിക്കാം. നാം വിക്ഷേപിച്ച മംഗള്‍യാന്‍ ഇപ്പോഴും പര്യവേക്ഷണം നടത്തുന്നു. നാസാ പോലും നമ്മുടെ നേട്ടത്തില്‍ അമ്പരന്നു.

ഒഐസിസി നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്ററിന്റെ (ഐഎന്‍ഓസി കേരള) നാഷണല്‍ ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്യ്രത്തിലേക്ക് ആനയിച്ചതോടൊപ്പം ഭാരതത്തെ ലോക ശക്തിയാക്കി മാറ്റുന്ന ചരിത്രമാണ് കോണ്‍സിനുള്ളതെന്നു തോമസ് ടി. ഉമ്മന്‍ ആമുഖപ്രസംഗത്തില്‍ പറഞ്ഞു. ഐഎന്‍ഒസി പ്രസിഡന്റ് ജുനേദ് ഖാസി, പഞ്ചാബില്‍ നിന്നുവന്ന എംഎല്‍എ ശങ്കര്‍ സിംഗ് ഗില്‍സിയന്‍, കോണ്‍ഗ്രസ് നേതാവ് ചാര്‍ലി ഏബ്രഹാം, ഐഎന്‍ഒസി ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഒഐസിസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍, തമിഴ്നാട് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ ജോസഫ്, ട്രഷറര്‍ ജോസ് ചാരുംമൂട്, വൈസ് പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ്, കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി യു.എ. നസീര്‍, ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ഡോ. ജോസ് കാനാട്ട്, കോശി ഉമ്മന്‍, എസ്എന്‍എ പ്രസിഡന്റ് കെ.ജി. പ്രസന്നന്‍, വൈസ് പ്രസിഡന്റ് വര്‍ഗീസ് തെക്കേക്കര, തോമസ് കോശി, കെ.ജി ജനാര്‍ദ്ദനന്‍, വനിതാ ഫോറം ചെയര്‍ ലീല മാരേട്ട്, ജേക്കബ് ഏബ്രഹാം, മോഹന്‍, മധ്യപ്രദേശ് ചാപ്റ്റര്‍ പ്രസിഡന്റ് സോണിയ സോധി, വിമെന്‍സ് ഫോറം നേതാവ് മാലിനി ഷാ, രാം ഗടുലാ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.