ശാലോം വിക്ടറി കോണ്‍ഫറന്‍സിന് ഉജ്വല തുടക്കം
Tuesday, September 8, 2015 9:11 AM IST
സാക്രമെന്റോ: ശാലോം വിക്ടറി കോണ്‍ഫറന്‍സിനു സാക്രമെന്റോയില്‍ ഉജ്വല തുടക്കം. സെപ്റ്റംബര്‍ നാലിനു (വെള്ളി) തുടങ്ങി എട്ടിനു സമാപിച്ച വിക്ടറി കോണ്‍ഫറന്‍സില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി 350ഓളം പേര്‍ പങ്കെടുത്തു. ലോക സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നടത്തപ്പെടുന്ന നാലു ദിവസത്തെ പ്രോഗ്രാമാണു വിക്ടറി.

കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. ശാലോം ദൈവത്തിന്റെ പ്രവൃത്തിയാണ്. ദൈവം തന്റെ പ്രവൃത്തികള്‍ നിറവേറ്റുന്നത് മനുഷ്യരിലൂടെയാണ്. ഈ കാലഘട്ടത്തില്‍ ദൈവം അമേരിക്കയുടെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ തന്റെ ആത്മാവിന്റെ ശക്തിയെ അയച്ചു അനേകരെ പ്രജോദിപ്പിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധാമാവിന്റെ ശക്തിയാണു ശാലോമിനെ ഈ നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ നയിക്കുന്നത്. സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്കുള്ള ഉപകരണമായി വിക്ടറിയില്‍ പങ്കെടുക്കുന്നവര്‍ മാറട്ടെയെന്നും ആര്‍ച്ച്ബിഷപ് ആശംസിച്ചു.

ഷിക്കാഗോ രൂപത വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ ആശംസയര്‍പ്പിച്ചു. സാക്രമെന്റോ സീറോ മലബാര്‍ മിഷന്‍ വികാരി ഫാ. സിബി കുര്യന്‍, ഫാ. പത്രോസ് ചമ്പക്കര, ഫാ. ജോ പോള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ശാലോം സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഡോ. റോയി പാലാട്ടി ആമുഖ സന്ദേശം നല്‍കി. ശാലോം ശുശ്രൂഷകളുടെ ചെയര്‍മാന്‍ പ്രഫ. കെ.ജെ. മാത്യു ആമുഖ പ്രസംഗം നടത്തി.

വാഷിംഗ്ടണില്‍ സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ തീയതികളിലും എഡിന്‍ബര്‍ഗില്‍ (മക്അലന്‍, ടെക്സസ്) സെപ്റ്റംബര്‍ 17 മുതല്‍ 20 വരെ തീയതികളിലും കോണ്‍ഫറന്‍സ് നടക്കും.

റവ. ഡോ. റോയി പാലാട്ടി, പ്രഫ. കെ.ജെ മാത്യു, ഡോ. ജോണ്‍ ഡി, റെജി കൊട്ടാരം, അലക്സ് ഞാവള്ളി, സന്തോഷ് ടി. തുടങ്ങി വര്‍ഷങ്ങളോളം ദൈവശുശ്രൂഷയില്‍ സമര്‍പ്പണത്തോടെ തുടരുന്ന വചനപ്രഘോഷകരാണു ശുശ്രൂഷകള്‍ നയിക്കുന്നത്.

അതിശക്തരായ ദൈവവചനപ്രഘോഷകരുടെ സാന്നിധ്യവും ആഴത്തിലുള്ള ദൈവ വചനധ്യാനവും വരദാനങ്ങളുടെ നിറവിലുള്ള ശുശ്രൂഷകളുമാണു വിക്ടറി കോണ്‍ഫറന്‍സിനെ വ്യത്യസ്തതയും ആഴവുമുള്ളതാക്കുന്നത്. അടുത്ത രണ്ടു ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ംംം.വെമഹീാീൃംഹറ.ീൃഴ/്ശരീൃ്യ ല്‍ രജിസ്റര്‍ ചെയ്യുകയോ, 215 366 3031 എന്ന ഫോണ്‍ നമ്പരിലോ ബുക്ക് ചെയ്യാം.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍