അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ ഓണാഘോഷങ്ങള്‍ക്ക് 11നു തുടക്കം കുറിക്കും
Tuesday, September 8, 2015 9:08 AM IST
അബുദാബി: ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിപുലമായ ഓണാഘോഷങ്ങള്‍ക്ക് ഇന്ത്യ സോഷ്യല്‍ സെന്ററില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 11നു (വെള്ളി) രാവിലെ 7.30നു നടക്കുന്ന അത്തപ്പൂക്കള മത്സരത്തോടെ ആഘോഷങ്ങള്‍ക്ക് തിരിതെളിയും. ഉച്ചയ്ക്ക് നടക്കുന്ന ഓണസദ്യയില്‍ നാലായിരത്തോളം പേര്‍ പങ്കെടുക്കും. പാചകരത്നം പയ്യന്നൂര്‍ ദാമോദര പൊതുവാളിന്റെ നേതൃത്വത്തിലുള്ള സംഘം 24 കൂട്ടം വിഭവങ്ങളാകും സദ്യക്ക് ഒരുക്കുക. ഇന്ത്യന്‍ അംബാസിഡര്‍ ടി.പി. സീതാറാം ഉള്‍പ്പെടെ നിരവധി മുഖ്യാഥിതികള്‍ ഓണസദ്യക്ക് എത്തും. എസ്എഫ്സി ഗ്രൂപ്പാണ് ഓണസദ്യ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

13നു വനിതകള്‍ക്കും കുട്ടികള്‍ക്കുമായി ഓണക്കളികള്‍ അരങ്ങേറും. 14നു രാത്രി ഏഴിന് മലയാളി മങ്ക മലയാളി മന്നന്‍ മത്സരങ്ങളും 15 ന് തലപ്പന്ത് കളി, കുടുകുടു, കിളി കളി, സെവെന്റീസ് തുടങ്ങിയ മത്സരങ്ങളും 16ന് വടംവലിയും ഉറിയടിയും നടക്കും. 17നു നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ പ്രമുഖ ഗായകന്‍ വേണുഗോപാല്‍ നയിക്കുന്ന ഗാനമേളയും കലാഭവന്‍ ടീം അവതരിപ്പിക്കുന്ന മിമിക്രിയും അരങ്ങേറും.

പത്രസമ്മേളനത്തില്‍ പ്രസിഡന്റ് രമേശ് പണിക്കര്‍, സെക്രട്ടറി എം.എ. സലാം, എസ്എഫ്സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള