ഫിലഡല്‍ഫിയ ജര്‍മന്‍ ടൌണ്‍ പള്ളിയില്‍ വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം
Monday, September 7, 2015 7:54 AM IST
ഫിലാഡല്‍ഫിയ: ജര്‍മന്‍ടൌണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി ആരോഗ്യ മാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

സെപ്റ്റംബര്‍ അഞ്ചിനു (ശനി) വൈകുന്നേരം അഞ്ചു മുതല്‍ നടന്ന തിരുക്കര്‍മങ്ങളില്‍ പാശ്ചാത്യരും പൌരസ്ത്യരുമായ നിരവധി മരിയഭക്തര്‍ പങ്കെടുത്തു. തമിഴനും തെലുങ്കനും കന്നടക്കാരനും ഹിന്ദിക്കാരനും മലയാളികളും ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ ക്രൈസ്തവസമൂഹങ്ങളും ലാറ്റിനോ ക്രൈസ്തവരും ഹിന്ദുക്കള്‍ ഉള്‍പ്പെടെ നാനാജാതിമതസ്ഥരായ നൂറുകണക്കിനു മരിയഭക്തര്‍ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം വണങ്ങി ആത്മനിര്‍വൃതിയടഞ്ഞു.

വിവിധ ഇന്ത്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും ഫിലാഡല്‍ഫിയ സീറോമലബാര്‍ ഫൊറോന പള്ളിയുടെയും സഹകരണത്തോടെ തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍ റവ. കാള്‍ പീബറുടെ നേതൃത്വത്തില്‍ മിറാക്കുലസ് മെഡല്‍ തീര്‍ഥാടനകേന്ദ്രമാണു തിരുനാളിനു മുന്‍കൈ എടുത്തത്.

മിറാക്കുലസ് മെഡല്‍ നൊവേന, സീറോമലബാര്‍ റീത്തില്‍ ഇംഗ്ളീഷിലുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വിവിധ ഭാഷകളില്‍ ജപമാലപ്രാര്‍ഥന ചൊല്ലി നൈറ്റ്സ് ഓഫ് കൊളംബസിന്റെ അകമ്പടിയോടെ വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, രോഗികള്‍ക്കു സൌഖ്യത്തിനായി വിശേഷാല്‍ പ്രാര്‍ഥന, ആശീര്‍വാദം, ആരോഗ്യമാതാവിന്റെ രൂപം വണങ്ങി നേര്‍ച്ചകാഴ്ച്ചസമര്‍പ്പണം എന്നിവയായിരുന്നു തിരുക്കര്‍മ്മങ്ങള്‍.

ശുശ്രൂഷകള്‍ക്ക് സീറോമലബാര്‍ ഇടവകവികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ഫാ. ജോസഫ് ലൂക്കോസ്, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. മാത്യു മണക്കാട്ട്, ഫാ. ജോസ് കോയിക്കല്‍, ഫാ. ജോസ് വരിക്കപ്പള്ളില്‍, ഫാ. ജേക്കബ് കൂരോത്ത്, ഫാ. കാള്‍ പീബര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. ജോണ്‍ മേലേപ്പുറം തിരുനാള്‍ സന്ദേശം നല്‍കി. മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. കാള്‍ പീബര്‍ വിശ്വാസികളെ സ്വാഗതം ചെയ്തു.

സീറോ മലബാര്‍ ഇടവകവികാരി ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റി ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേല്‍നോട്ടത്തില്‍ സീറോ മലബാര്‍ ഇടവകയിലെ സെന്റ് മേരീസ്, ബ്ളസഡ് കുഞ്ഞച്ചന്‍ എന്നീ വാര്‍ഡുകൂട്ടായ്മകളും തിരുനാളിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. സെന്റ് മേരീസ് വാര്‍ഡ് പ്രസിഡന്റ് ബിനു പോള്‍, ജോസഫ് സി. ചെറിയാന്‍ (ജോജി ചെറുവേലില്‍), ജോസ് തോമസ് (ജനറല്‍ കോഓര്‍ഡിനേറ്റര്‍), മരിയന്‍ മദേഴ്സ്, ഭക്തസംഘടനാഭാരവാഹികള്‍, മതബോധനസ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ തിരുനാളിന്റെ വിജയത്തിനായി വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍