'അധ്യാപകര്‍ പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാര്‍'
Monday, September 7, 2015 7:54 AM IST
ദോഹ: അധ്യാപകര്‍ പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാരാണെന്നും സമൂഹത്തിന്റെ ക്ഷേമശ്വൈര്യ പൂര്‍ണമായ വളര്‍ച്ചാവികാസത്തിനായി സ്വയം കത്തിയെരിയുന്ന വിളക്കുമാടങ്ങളെന്ന നിലയ്ക്ക് അധ്യാപകരെ സമൂഹം വേണ്ടരീതിയില്‍ പരിഗണിക്കണമെന്നും അധ്യാപക ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ അഡ്വൈര്‍ട്ടൈസിംഗ് ആന്‍ഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പല്‍സ്, ബ്രില്ല്യന്റ് എഡ്യൂക്കേഷന്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.

വെളുത്ത പുസ്തകത്തിലെ കറുത്ത അക്ഷരങ്ങള്‍ മനഃപാഠമാക്കുവാന്‍ വിദ്യാര്‍ഥികളെ സഹായിക്കുകയല്ല, മറിച്ച് അക്ഷരങ്ങള്‍ക്കുമപ്പുറം ആശയ സമ്പുഷ്ടമായ ചിന്തയുടെയും അന്വേഷണത്തിന്റെയും അതിരുകളില്ലാത്ത ലോകത്തേക്ക് കടന്നുചെല്ലുവാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയുമാണ് അധ്യാപകര്‍ ചെയ്യുന്നതെന്നു സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിച്ച ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശേരി അഭിപ്രായപ്പെട്ടു. കുട്ടികളെ പ്രചോദിപ്പിക്കുവാനും നന്മയുടെയും മൂല്യങ്ങളുടെയും പിമ്പലത്തില്‍ ഉന്നതിയിലേക്കെത്തിക്കുവാനും കഴിയുന്ന അനുഗ്രഹീതരായ അധ്യാപകര്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും വമ്പിച്ച സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നവരാണ്.

ഒരുമേഖലയിലും നൈപുണ്യമില്ലാത്ത ഒരു തലമുറയെയാണു സമകാലിക വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്നത് എന്നത് അത്യന്തം ഗുരുതരമാണ്. വിവരങ്ങളൊക്കെ വിരല്‍തുമ്പില്‍ ലഭ്യമാകുമ്പോഴും വിജ്ഞാനവും തിരിച്ചറിവുമില്ലാത്തവരായി സമൂഹം മാറുമ്പോള്‍ വിദ്യാഭ്യാസ രംഗത്തെ മൂല്യനിര്‍ണയ ശിക്ഷണ രീതികളിലൊക്കെ ഗുണപരമായ മാറ്റം അനിവാര്യമാണെന്നാണ് ഈ ദിനം ഓര്‍മപ്പെടുത്തുന്നത്. സിലബസ് ലോബിയിംഗിനുവേണ്ടി കോടികള്‍ മുടക്കുന്ന കുത്തക കമ്പനികളുടെ താത്പര്യങ്ങളല്ല സമൂഹത്തിന്റെ ഉന്നമനമാണു വിദ്യാഭ്യാസ രംഗത്ത് പരിഗണിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇന്‍കാസ് പ്രസിഡന്റ് കെ.കെ. ഉസ്മാന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മീഡിയ പല്‍സ് സിഇഒ അമാനുള്ള വടക്കാങ്ങര, ബ്രില്ല്യന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ്, സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്, ഫാലഹ് നാസര്‍ ഫൌണ്േടഷന്‍ ജനറല്‍ മാനേജര്‍ കെ.വി. അബ്ദുള്ളക്കുട്ടി, അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍ സംസാരിച്ചു. ബ്രില്ല്യന്റ് എഡ്യൂക്കേഷന്‍ സെന്ററിലെ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.