സാമ്പത്തിക വളര്‍ച്ചയ്ക്കും അടിത്തറ ആധ്യാത്മികത: ആദികേശവന്‍
Monday, September 7, 2015 7:52 AM IST
തിരുവനന്തപുരം: ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അടിത്തറ ആധ്യാത്മികതയാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും എസ്ബിടി ചീഫ് ജനറല്‍ മാനേജരുമായ എസ്. ആദികേശവന്‍. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്കോളര്‍ഷിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സാമ്പത്തിക വളര്‍ച്ച മന്ദീഭവിക്കുകയും ചൈനയില്‍ സാമ്പത്തിക തകര്‍ച്ച ഉണ്ടാകുകയും ചെയ്യുമ്പോഴും ഭാരതം പിടിച്ചു നില്‍ക്കുന്നു. സാമ്പത്തിക സ്ഥിരത മാത്രമല്ല വളര്‍ച്ചയും ഉണ്ടാകുന്നു. സാമ്പത്തിക സംവിധാനത്തിലും ആധ്യാത്മികത അന്തര്‍ധാരയായി ഉണ്ട് എന്നതാണ് ഇതിനു കാരണം. ഭാരതത്തിന്റെ വ്യക്തിത്വം ആധ്യാത്മികതയാണ്. ലോകം ഭാരതത്തെ തിരിച്ചറിയുന്നതും ഇതിന്റെ പേരിലാണ്. ഇവിടെ ജനിച്ചു വീഴുന്ന എല്ലാവര്‍ക്കും ആധ്യാത്മികതയുടെ പിന്‍തുടര്‍ച്ചയാണുള്ളത-ആദികേശവന്‍ പറഞ്ഞു.

വിദ്യാഭ്യാസരംഗത്തെ മികവും നേട്ടങ്ങളും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനും അവര്‍ക്കായി പ്രവര്‍ത്തിക്കാനുമുള്ള അവസരമായി കരുതണമെന്നു മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് വെങ്കിട് ശര്‍മ്മ, ഡയറക്ടര്‍ ബോര്‍ഡ് അംഗം സനല്‍ ഗോപി, പ്രസ് ക്ളബ് പ്രസിഡന്റ് ആര്‍. അജിത് കുമാര്‍, പി. ഗിരീഷ്, മണ്ണടി ഹരി, പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതമാണു സ്കോര്‍ഷിപ്പ്. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്കോളര്‍ഷിപ്പ് നല്‍കുന്നത്.