റിയാദിലെ തസ്കര സംഘങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മുന്നറിയിപ്പ്
Monday, September 7, 2015 7:44 AM IST
റിയാദ്: സംഘം ചേര്‍ന്ന് ബൈക്കിലും നടന്നും പ്രവാസികളെ ആക്രമിച്ച് കൈയിലുള്ളതെല്ലാം അപഹരിച്ച് കടന്നുകളയുന്ന തസ്കര സംഘങ്ങളെക്കുറിച്ച് പ്രവാസി സംഘടനകളും സോഷ്യല്‍ മീഡിയയിലെ പ്രവാസി ഗ്രൂപ്പുകളും മുന്നറിയിപ്പുകളുമായി രംഗത്ത്.

കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ ഇത്തരം പിടിച്ചുപറികളെക്കുറിച്ചുള്ള വിശദമായി വിവരങ്ങളും ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കുന്നവര്‍ ജാഗ്രത കാണിക്കണമെന്ന മുന്നറിയിപ്പുമാണു വാട്സ് ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും ഗ്രൂപ്പുകള്‍ നല്‍കുന്നത്. പിടച്ചുപറിക്കാരുടെ ആക്രമണങ്ങള്‍ സമീപത്തെ ഫ്ളാറ്റുകളില്‍ നിന്നും തങ്ങളുടെ കാമറകളില്‍ പകര്‍ത്തിയത് സഹിതമാണ് ഇത്തരം മെസേജുകള്‍ പ്രചരിക്കുന്നത്.

ഒറ്റയ്ക്ക് ബത്ഹയിലെ ശാര റെയിലിലൂടെ നടന്നു പോകുന്ന പ്രവാസികളെ ബൈക്കിലെത്തുന്ന സംഘം വാളുമായി ആക്രമിച്ച് പേഴ്സും പണവും മൊബൈലും അപഹരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി ആരോ പകര്‍ത്തിയതാണ് സോഷ്യല്‍ മീഡിയയിലുള്ളത്. റിയാദിലെ സാമൂഹ്യ പ്രതിബദ്ധതയോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റിയാദ് ടാക്കീസ് എന്ന ഒരു കൂട്ടം മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് അക്രമികളെക്കുറിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയിലെത്തിച്ചത്.

അതിനിടെ റിയാദിലെ ബത്ഹയില്‍ പ്രമുഖ പോളിക്ളിനിക്കിന്റെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ ഇരുമ്പു ചങ്ങലകള്‍ ഇലക്ട്രിക് വാളുകൊണ്ട് അറുത്തു മാറ്റി ആഫ്രിക്കന്‍ വംശജര്‍ എടുത്തു കൊണ്ടുപോയി. അര്‍ധരാത്രി ഒന്നിനാണു സംഭവം. മൂന്നുപേര്‍ പാര്‍ക്കിംഗിലെത്തുന്നതും അതിസമര്‍ഥമായി വാഹനങ്ങള്‍ മോഷ്ടിച്ചു കൊണ്ടു പോകുന്നതും പോളിക്ളിനിക്കിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. വളരെ ആസൂത്രിതമായി മുന്‍കൂട്ടി നിശ്ചിയിച്ചാണ് ഇത്തരം കൊള്ളകള്‍ നടത്തുന്നതെന്നു ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങളടക്കം പോലീസില്‍ പരാതിപ്പെടാനുള്ള ഒരുക്കത്തിലാണു പോളിക്ളിനിക്ക് മാനേജ്മെന്റ്.

ഹജ്ജിനോടനുബന്ധിച്ച് പോലീസ് സേന മക്കയിലും മദീനയിലും അധിക ഡ്യൂട്ടിയിലായതിനാല്‍ മറ്റു പ്രദേശങ്ങളില്‍ പോലീസ് പട്രോളിംഗ് കുറവായിരിക്കുമെന്നത് കള്ളന്‍മാര്‍ റിയാദിലും മറ്റും കൂടാന്‍ കാരണമാകുന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍