സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് എഡ്മണ്ടന്‍ ഓണം ആഘോഷിച്ചു
Monday, September 7, 2015 2:13 AM IST
എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ 2015-ലെ ഓണാഘോഷങ്ങള്‍ ഓഗസ്റ് 30-നു ഉച്ചയ്ക്ക് 1.30-നു അത്തപ്പൂക്കള മത്സരത്തോടെ ആരംഭംകുറിച്ചു. എട്ടു കൂട്ടായ്മകളും വാശിയോടെ പങ്കെടുത്ത മത്സരത്തില്‍, ഓരോ കൂട്ടായ്മയിലേയും അംഗങ്ങള്‍ തമ്മിലുള്ള ഐക്യവും സ്നേഹവും പ്രകടമായിരുന്നു. ഒന്നര മണിക്കൂര്‍ സമയത്തിനുള്ളില്‍ ഏറ്റവും മനോഹരമായ പൂക്കളമാണ് ഓരോ കൂട്ടായ്മയും ഒരുക്കിയത്. കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും വാശിയോടെ മത്സരത്തില്‍ പങ്കെടുത്തു. പഴമയുടേയും പാരമ്പര്യത്തിന്റേയും നിറവും മികവും ഓരോ പൂക്കളത്തിലും പ്രകടമായിരുന്നു. ഇമ്മാനുവേല്‍ കൂട്ടായ്മ പൂക്കള മത്സരത്തില്‍ ഒന്നാം സ്ഥാനവും, സെന്റ് ജൂഡ് കൂട്ടായ്മ രണ്ടാം സ്ഥാനവും നേടി.

ഉച്ചകഴിഞ്ഞു മൂന്നിനു ആരംഭിച്ച ദിവ്യബലിക്കു മിഷന്റെ ആദ്യ ഡയറക്ടറായിരുന്ന ഫാ. വര്‍ഗീസ് മുണ്ടുവേലില്‍ നേതൃത്വം നല്‍കി. അഞ്ഞൂറോളം വിശ്വാസികള്‍ പങ്കെടുത്ത ദിവ്യബലിക്കുശേഷം നടന്ന വാശിയേറിയ മത്സവും കൂട്ടായ്മകള്‍ തമ്മിലായിരുന്നു. വാശിയേറിയ വടംവലി മത്സരത്തില്‍ സെന്റ് തോമസ് കൂട്ടായ്മ ഒന്നാംസ്ഥാനവും, ഇമ്മാനുവേല്‍ കൂട്ടായ്മ രണ്ടാം സ്ഥാനവും നേടി.

വടംവലിക്കുശേഷം ഇടവകയുടെ ചരിത്രത്തില്‍ ആദ്യമായി ടാബ്ളോ മത്സരം നടന്നു. 'ഓണം' ആയിരുന്നു ടാബ്ളോയുടെ തീം. ഏഴു കൂട്ടായ്മകള്‍ വാശിയോടെ മത്സരിച്ചപ്പോള്‍ നാടന്‍ കലാരൂപങ്ങളും മതസൌഹാര്‍ദ്ദവും, ഓണം നേരിടുന്ന വെല്ലുവിളികളും, മാവേലിയും വാമനനും, വേദിയില്‍ അണിനിരന്നു. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും കൌതുകമുണര്‍ത്തുന്ന കാഴ്ചയായിരുന്നു ടാബ്ളോ മത്സരം. വാശിയേറിയ മത്സരത്തില്‍ സെന്റ് മേരീസ് കൂട്ടായ്മ ഒന്നാം സ്ഥാനവും, ഹോളിഫാമിലി കൂട്ടായ്മ രണ്ടാം സ്ഥാനവും നേടി.

2012-ല്‍ സ്ഥാപിതമായ ഇടവകയില്‍ ആദ്യമായാണു നാടന്‍പാട്ട് മത്സരം നടത്തിയത്. ഓണപ്പാട്ടും, വഞ്ചിപ്പാട്ടും, പുള്ളുവന്‍പാട്ടുമായി എട്ടു കൂട്ടായ്മകളും അരങ്ങുതകര്‍ത്തു. നാടന്‍പാട്ട് മത്സരത്തില്‍ സെന്റ് ജോര്‍ജ് കൂട്ടായ്മ ഒന്നാം സ്ഥാനവും, ഹോളിഫാമിലി കൂട്ടായ്മ രണ്ടാം സ്ഥാനവും നേടി.

തുടര്‍ന്നു നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറി. സ്വാഗത നൃത്തത്തോടെ ആരംഭിച്ച പരിപാടിയില്‍ തിരുവാതിര, കര്‍ഷക നൃത്തം, ഫ്യൂഷന്‍ ഡാന്‍സ്, സിംഗിള്‍ ഡാന്‍സ്, ഓണപ്പാട്ടുകള്‍ എന്നിവ കേരളത്തനിമ ഉണര്‍ത്തുന്നതായിരുന്നു. അതിനുശേഷം ഓണസദ്യയും കൂടിയായപ്പോള്‍ എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികളില്‍ കേരളത്തില്‍ ഓണം ആഘോഷിച്ച പ്രതീതയുണര്‍ത്തി.

ഇടവക പള്ളി കമ്മിറ്റി അംഗങ്ങളുടെ സഹായത്തിനും സഹകരണത്തിനുമൊപ്പം ഇടവക വികാരി റവ.ഫാ.ഡോ. ജോണ്‍ കുടിയിരുപ്പിലിന്റെ കഠിനാധ്വാനവും അദ്ദേഹത്തിന്റെ ഇടവകയോടുള്ള പ്രതിബദ്ധതയുമാണ് ഓണാഘോഷങ്ങള്‍ ഇത്രയധികം ഭംഗിയുള്ളതാക്കിയത്. ഫാ. ജോര്‍ജ്, ഫാ. തോമസ്, ഫാ. റെജി, ഫാ. സില്‍വിച്ചന്‍ എന്നിവരും ഓണാഘോഷങ്ങള്‍ക്ക് സന്നിഹിതരായിരുന്നു. ഇടവക വികാരിക്കൊപ്പം ഫാ. വര്‍ഗീസ് മുണ്ടുവേലിലും സമ്മാനദാനം നിര്‍വഹിച്ചു.

പൂക്കളമത്സരത്തിലെ വിജയികള്‍ക്ക് വര്‍ക്കി കളപ്പുരയിലും, വടംവലി മത്സരത്തിലെ വിജയികള്‍ക്ക് രദീപ് ജോസ് ഇലഞ്ഞിപ്പള്ളിയും, ടാബ്ളോ മത്സരത്തിലെ വിജയികള്‍ക്ക് സിജോ സേവ്യറും, നാടന്‍ പാട്ട് മത്സരത്തിലെ വിജയികള്‍ക്ക് റ്റിജോ ജോര്‍ജും സ്പോണ്‍സര്‍ ചെയ്ത എവര്‍റോളിംഗ് ട്രോഫികള്‍ സമ്മാനിച്ചു. പുറത്തുനിന്നും എത്തിയ പ്രത്യേക ക്ഷണിതാക്കളായിരുന്നു പൂക്കളം, ടാബ്ളോ, നാടന്‍പാട്ട് എന്നിവയുടെ വിധികര്‍ത്താക്കളായത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം