കുടുംബ സംഗമവും ഓര്‍മ്മ കുര്‍ബാനയും നടത്തി
Monday, September 7, 2015 2:12 AM IST
ന്യൂയോര്‍ക്ക്: പത്തനംതിട്ട പ്രക്കാനം കെല്ലന്റെത്തു കുടുംബയോഗത്തിന്റെ അമേരിക്കന്‍ ശാഖ ഇരുപത്തഞ്ചാം വാര്‍ഷികവും, കുടുംബ പിതാവ് ഗീവര്‍ഗീസ് കത്തനാരുടെ ഓര്‍മ്മ കുര്‍ബാനയും ഓഗസ്റ് 29-ന് ന്യൂയോര്‍ക്ക് ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആചരിച്ചു.

കുടുംബ യോഗത്തിന്റെ അമേരിക്കന്‍ ശാഖ പ്രസിഡന്റ് റവ. മത്തായി കോര്‍എപ്പിസ്കോപ്പയുടെ പ്രധാന കാര്‍മികത്വത്തില്‍ ചെറി ലെയിന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി റവ. ശാമുവേല്‍ കോര്‍എപ്പിസ്കോപ്പയുടെ സഹകാര്‍മികത്വത്തിലും നടന്ന വിശുദ്ധ കുര്‍ബാനയിലും അനുസ്മരണ ചടങ്ങിലും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

കെല്ലന്റെത്ത് കുടുംബയോഗത്തിന്റെ അമേരിക്കന്‍ ശാഖാ പ്രസിഡന്റായിരുന്ന റവ.ഡോ. ഇടിക്കുള കോര്‍എപ്പിസ്കോപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് റവ.ഫാ. മത്തായി കോര്‍എപ്പിസ്കോപ്പയെ അമേരിക്കന്‍ ശാഖയുടെ പുതിയ പ്രസിഡന്റായി കുടുംബയോഗം തെരഞ്ഞെടുത്തു.

കുടുംബയോഗത്തിന്റെ അമേരിക്കന്‍ ശാഖാ സെക്രട്ടറി തോമസ് ജോര്‍ജ് (ബാബു) ഗീവര്‍ഗീസ് കത്തനാര്‍ അനുസ്മരണ പ്രഭാഷണവും, റവ.ഡോ. സാമുവേല്‍ കോര്‍എപ്പിസ്കോപ്പ 'കുടുംബ ബന്ധങ്ങളുടെ പ്രസക്തി' എന്ന വിഷയത്തെക്കുറിച്ചും, ഫാ. ഇടിക്കുള കോര്‍എപ്പിസ്കോപ്പ അനുസ്മരണ പ്രസംഗവും നടത്തി.

കുടുംബയോഗം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍നടപടികള്‍ക്കായി റവ. ഫാ. മത്തായി കോര്‍എപ്പിസ്കോപ്പയുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ന്യൂജേഴ്സിയില്‍ നിന്ന് വര്‍ഗീസ് തോമസ് (അജി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം