ഐഎന്‍ഒസി കേരള ചാപ്റ്റര്‍ പ്രവര്‍ത്തനം അഭിമാനകരം: പി.ജെ. കുര്യന്‍
Saturday, September 5, 2015 5:06 AM IST
ന്യൂയോര്‍ക്ക്: ഐഎന്‍ഒസി കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനം അഭിമാനകരമാണെന്നു രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിനായി ന്യൂയോര്‍ക്കിലെത്തിയ അദ്ദേഹത്തെ ഐഎന്‍ഒസി കേരള ചാപ്റ്റര്‍ നേതാക്കളായ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, റവ. ഡോ. വര്‍ഗീസ് ഏബ്രഹാം, സജി ഏബ്രഹാം എന്നിവര്‍ വാല്‍ഫ്രോഡ് അസ്റോറിയ ഹോട്ടലില്‍ സന്ദര്‍ശിച്ചു.

ഓഗസ്റ് 21 ,22 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ദേശീയ കൌണ്‍സിലിനെപ്പറ്റിയും അമേരിക്കയില്‍ സജീവ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ഏഴു സ്റേറ്റ് ചാപ്റ്ററുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പി.ജെ. കുര്യന്‍ ആരായുകയുണ്ടായി. കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേയും അനുഗ്രഹാശിസുകളോടെ ആരംഭിച്ച നാഷണല്‍ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ കേരള ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഈ കണ്‍വന്‍ഷന്റെ വിജയം അമേരിക്കയിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അഭിമാനിക്കാന്‍ വക നല്‍കുന്നു എന്നതാണെന്ന് കണ്‍വന്‍ഷന്‍ സുവനീര്‍ പി.ജെ. കുര്യനു നല്‍കി കളത്തില്‍ വര്‍ഗീസ് അറിയിക്കുകയുണ്ടായി.

ഐഎന്‍ഒസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചകളില്‍ ഡോ. കരണ്‍സിംഗിന്റെ നിര്‍ദേശപ്രകാരം ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പും അതിന്റെ നടപടിക്രമങ്ങളെപ്പറ്റിയും വിശദമായി അന്വേഷിക്കുകയും മനസിലാക്കുകയും ചെയ്തു. ഐഎന്‍ഒസി യു.എസ്.എ ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗിന്റെ നേതൃപാടവത്തില്‍ ഐഎന്‍ഒസി യുഎസ്എ കൈവരിച്ച നേട്ടങ്ങല്‍ കളത്തില്‍ വര്‍ഗീസ് വളരെ വിശദമായി വിവരിച്ചു. ജനാധിപത്യരീതിയില്‍ ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന ഐഎന്‍ഒസി യുഎസ്എ പ്രസിഡന്റ് ലവിക ഭഗത്സിംഗിന്റെ നേതൃത്വത്തില്‍ നോര്‍ത്ത് അമേരിക്കന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുവാന്‍ സാധിക്കുമെന്നും പി.ജെ. കുര്യനെ അറിയിച്ചു.

കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ് ഡോ മാമ്മന്‍ സി. ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍പി പോള്‍ ചേന്നോത്ത്, നാഷണല്‍ ട്രഷറര്‍ സജി ഏബ്രഹാം, ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാകൃഷ്ണന്‍, ജോയിന്റ് ട്രഷറര്‍ റവ.ഡോ. വര്‍ഗീസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ എഐസിസിയുടെയും, കെപിസിസിയുടേയും പരിപൂര്‍ണ്ണ അംഗീകാരത്തോടുകൂടി നോര്‍ത്ത് അമേരിക്കയില്‍ അഭിമാനകരമായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് എല്ലാ പിന്തുണയുണ്ടാകുമെന്നും പി.ജെ. കുര്യന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം