മക്കയിലെത്തിയ ആദ്യ കേരള ഹജ്ജ് സംഗത്തിന് ഉജ്വല സ്വീകരണം
Friday, September 4, 2015 5:49 AM IST
ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തില്‍നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ തീര്‍ഥാടകസംഘം മക്കയിലെത്തി. നെടുമ്പാശേരിയില്‍നിന്നു ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലില്‍ എത്തിയ സംഘം ഉച്ചയ്ക്ക് പന്ത്രണ്േടാടെ മക്കയില്‍ എത്തി.

ഗ്രീന്‍ കാറ്റഗറിയില്‍പ്പെടുന്ന 342 പേരടങ്ങിയ ആദ്യ കേരളാ സംഘത്തിന് മക്ക ഹറം ശരീഫിനു സമീപമുള്ള മിസ്ഫല ഏരിയയിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ബ്രാഞ്ച് എട്ടിനു കീഴിലെ 94, 99 നമ്പര്‍ കെട്ടിടങ്ങളിലാണ് തീര്‍ഥാടകരുടെ താമസം.

പുണ്യഭൂമിയിലെത്തിയ മലയാളി സംഘത്തിന് ഊഷ്മള വരവേല്‍പ്പാണ് ജിദ്ദ ഹജ്ജ് ടെര്‍മിനലിലും മക്കയിലും ലഭിച്ചത്. ഹാജിമാരെ സ്വീകരിക്കാനും അവര്‍ക്കു സേവനം ചെയ്യാനും വിവിധ ബാനറുകള്‍ക്കു കീഴില്‍ നൂറുകണക്കിനുമലയാളികളാണു രംഗത്തിറങ്ങിയത്. ജിദ്ദ, മക്ക എന്നിവിടങ്ങളിലെ ഹജ്ജ് വെല്‍ഫെയര്‍ ഫോറം, ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം, കെഎംസിസി, ഹജ്ജ് സെല്‍ എന്നിവയിലെ വോളന്റിയര്‍മാര്‍ തീര്‍ഥാടകരുടെ പ്രശംസ പിടിച്ചുപറ്റി. കേരള ഹാജിമാരുടെ ആദ്യ സംഘത്തെ വരവേല്‍ക്കാന്‍ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയവരില്‍ ഹജ്ജ് വൈസ് കോണ്‍സല്‍ സുനില്‍, കോണ്‍സുലേറ്റ് ജീവനക്കാരന്‍ ബോബി മണാര്‍ട്ട്, ഹജ്ജ് വെല്‍ഫയര്‍ ഫോറം നേതാക്കളായ അബാസ് ചെമ്പാന്‍, കെ.ടി.എം മുനീര്‍, പി.പി ഹാഷിം എന്നിവരും ഉള്‍പ്പെടുന്നു.

സെപ്റ്റംബര്‍ 17 വരെയുള്ള ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 19 വിമാനങ്ങളിലായി മൊത്തം 6375 ഹാജിമാര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു പുണ്യനാട്ടിലെത്തും. മൊത്തം 136020 തീര്‍ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍നിന്നു ഹജ്ജിനെത്തുന്നത്. ഇതില്‍ 100020 പേര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 36,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകളിലൂടെയുമാവും എത്തുക. ഇതിനകം 188 വിമാനങ്ങളിലായി മൊത്തം 54416 ഹാജിമാര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിവഴി മക്കയിലും മദീനയിലും എത്തി. ഇന്നലെ മാത്രം വന്നത് 9 വിമാനങ്ങളിലായി 2590 തീര്‍ഥാടകരാണ്. അതേസമയം, ഇന്ത്യയില്‍നിന്ന് മദീനയിലേക്കുള്ള ഹാജിമാരുടെ വരവ് അവസാനിച്ചു. ബനാറസില്‍നിന്നു ബുധനാഴ്ചയായിരുന്നു അവസാന വിമാനം.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍