ഇടം സാംസ്കാരിക വേദി ഡോ. കല്‍ബുര്‍ഗി അനുസ്മരണം
Friday, September 4, 2015 5:47 AM IST
റിയാദ്: ഇന്ത്യന്‍ മതേതര പുരോഗമന ബോധത്തിനു ധൈഷണികമായ ഉത്തേജനം നല്‍കി ജീവിതംകൊണ്ട് മാതൃകയായതിന്റെ പേരില്‍ ഹിന്ദുത്വ ഫാസിസ്റുകളുടെ തോക്കിനിരയായ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും പണ്ഡിതനും കന്നഡ സര്‍വകലാശാല വൈസ് ചാന്‍സലറുമായിരുന്ന പ്രഫ. എം.എം. കല്‍ബുര്‍ഗിയെ റിയാദിലെ ഇടം സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. വൈകുന്നേരം നാലു മുതല്‍ ബത്ഹയിലെ ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തിലാണു പരിപാടി.

ധരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരേ, എം.എം. കല്‍ബുര്‍ഗി എന്നിങ്ങനെ രക്തസാക്ഷികളുടെ പട്ടികയിലേക്കു ഹിന്ദു ഫാസിസ്റുകള്‍ ഇനിയും പേരുകള്‍ എഴുതിവച്ചിരിക്കുന്നു. അടുത്തത് യൂണിവേഴ്സിറ്റി അധ്യാപകനായി വിരമിച്ച പ്രഫ. കെ.എസ്. ഭഗവാന്‍ ആണെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യന്‍ അധികാര വ്യവസ്ഥയിലും പൊതുബോധത്തിലും ഹിന്ദുത്വ ഭീകരത ആഴത്തില്‍ ആധിപത്യത്തിനു ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ അതിനെതിരെ നില്‍ക്കുന്ന ഓരോ ഇന്ത്യന്‍ പൌരന്റേയും വാക്കും സാന്നിധ്യവും ഏറെ വിലപ്പെട്ടതാണെന്നും അവ ചിതറിയതാണെങ്കിലും കണ്ണി ചേര്‍ക്കപ്പെടേണ്ടതുണ്െടന്നും ഇടം സാംസ്കാരിക വേദി തിരിച്ചറിയുന്നതായും അതുകൊണ്ടു തന്നെ ഓരോ ഇന്ത്യന്‍ പ്രവാസിയും അനുസ്മരണപരിപാടിയില്‍ പങ്കെടുക്കണമെന്നും ഇടം ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍