വറചട്ടിയായി വടക്കന്‍ കര്‍ണാടക
Thursday, September 3, 2015 6:45 AM IST
ബംഗളൂരു: സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകള്‍ കടുത്ത വരള്‍ച്ചാ ഭീഷണിയില്‍. വടക്കന്‍ കര്‍ണാടകയിലെ 12 ജില്ലകള്‍ കഴിഞ്ഞ 44 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. 28 ശതമാനം കുറവ് മഴയാണ് സംസ്ഥാനത്ത് ഈ വര്‍ഷം ലഭിച്ചത്. ഇത് കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ചു. ബാഗല്‍കോട്ടെ, വിജയപുര, റായ്ച്ചുര്‍, ബിദാര്‍, ഗദഗ്, ബെല്ലാരി, കൊപ്പാല്‍, ബെലാഗവി, ഹാവേരി ഹുബ്ബല്ലി, ധര്‍വാഡ്, കാലാബുരാഗി ജില്ലകളിലാണ് ഇത്തവണ കടുത്ത വരള്‍ച്ചയുടെ പിടിയിലായത്. ഈ മേഖലകളില്‍ മാത്രം 46 ശതമാനം കുറവ് മഴയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ 126 താലൂക്കുകളെ വരള്‍ച്ചാബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മഴ ആവശ്യത്തിനു ലഭിക്കാത്തത് ഭക്ഷ്യോത്പാദനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനം. ജലവൈദ്യുതി ഉത്പാദനത്തെയും വരള്‍ച്ച സാരമായി ബാധിച്ചു.

സുപാ കേന്ദ്രങ്ങളിലെ ജലനിരപ്പ് ഇപ്പോള്‍ പരമാവധി ശേഷിയുടെ 44 ശതമാനം മാത്രമാണ്. ഈ പദ്ധതികള്‍ക്കു കീഴിലെ 13 പ്രധാന അണക്കെട്ടുകളുടെ ശേഷി 850 ടിഎംസിയാണ്.

എന്നാല്‍ ഇപ്പോള്‍ 450 ടിഎംസി ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 750 ടിഎംസിയായിരുന്നു.