സാഹിത്യ ചര്‍ച്ചയില്‍ പൂത്തുലഞ്ഞ ചില്ല ഓണാഘോഷം
Thursday, September 3, 2015 6:00 AM IST
റിയാദ്: സ്വന്തം വായനാനുഭവങ്ങളുടേയും സര്‍ഗസംവാദത്തിന്റേയും ഓണനിലാവില്‍ പൂത്തുലഞ്ഞ ചില്ല സര്‍ഗവേദിയുടെ പ്രതിമാസ ഒത്തുചേരല്‍ വായനക്കൂട്ടത്തിന്റെ അവിസ്മരണീയ ഓണനിലാവായി.

എ.വി.അനില്‍കുമാറിന്റെ 'ഗീബല്‍സ് ചിരിക്കുന്ന ഗുജറാത്ത്' എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവച്ച് എഴുത്തുകാരി ബീന ഫൈസല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന്ധിജി അനാഥമാകുന്ന ഗുജറാത്തിനെ സംബന്ധിച്ച രാഷ്ട്രീയ യാത്രാ വിവരണം ഫാസിസത്തെ ചെറുക്കുന്നവരെ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്ന ഇക്കാലത്ത് ഏറെ പ്രസക്തമാണെന്ന് ബീന പറഞ്ഞു. ഗുജറാത്തിലെ ബുദ്ധിജീവികള്‍ പോലും നന്നായി അലങ്കരിച്ച ജഡം പോലെ മാറുമ്പോള്‍, ശ്മശാനത്തിലേക്ക് എടുക്കക മാത്രമാണ് ചെയ്യാനാകുക. ഒരു കാലത്ത് ഗുജറാത്ത് ഗാന്ധിജിയുടെ സത്യാന്വേഷണപരീക്ഷണശാലയായിരുന്നെങ്കില്‍ ഇന്നത് ഫാസിസത്തിന്റെ ഇന്ത്യയൊട്ടാകെ പകര്‍ത്താനുള്ള പരീക്ഷണശാലയാണെന്ന് വായനാനുഭവം പങ്കുവച്ചുകൊണ്ട് ബീന പറഞ്ഞു.

മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മനോജ് കുറൂറിന്റെ 'നിലം പൂത്തു മലര്‍ന്ന നാള്‍' ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ അവതരിപ്പിച്ചത് ഹൃദ്യമായി. മലയാളിയുടെ ഇന്നലെകളുമായി ചേര്‍ന്നുനില്‍ക്കുന്ന ഭാഷയുടെ വീണ്െടടുപ്പാണ് മനോജ് കുറൂര്‍ നടത്തിയതെന്ന് ഇക്ബാല്‍ പറഞ്ഞു. ദ്രാവിഡ ഭാഷയുടെ ഈ വീണ്െടടുപ്പ് നമ്മുടെ തന്നെ വേരുകളിലേക്ക് ഇറങ്ങി ചെന്ന് നമ്മെ തന്നെ പരിശോധിക്കാന്‍ ഇടയാക്കുന്നു. മലയാള നോവല്‍ ചരിത്രത്തിലെ പുതിയൊരു അധ്യായമാണ് ഈ നോവലെന്ന് ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.

ടി.വി.മധു എഡിറ്റ് ചെയ്ത 'മാര്‍ക്സ് വായനകള്‍' ജയചന്ദ്രന്‍ നെരുവമ്പ്രം അവതരിപ്പിച്ചു. മാര്‍ക്സിന്റെ ചിന്തന സാമഗ്രികളെ കൂടുതല്‍ സമചിത്തതയോടെ സൂക്ഷ്മ വിശകലനം ചെയ്യുന്ന പുസ്തകം മാര്‍ക്സിലേക്ക് പിന്മടങ്ങാനോ മാര്‍ക്സില്‍ നിന്ന് പിന്മടങ്ങനോ ഉള്ള ആഹ്വാനങ്ങളല്ലെന്ന് ജയചന്ദ്രന്‍ പറഞ്ഞു.

സി. രവിചന്ദ്രന്‍ രചിച്ച 'പകിട പതിമൂന്ന്' വിജയകുമാര്‍ അവതരിപ്പിച്ചു. പുത്രജനനം തങ്ങളുടെ മരണമായി കണ്ട് നവജാതശിശുവിനെ തറയിലടിച്ചുകൊന്ന് ഭാവി സുരക്ഷിതമാക്കിയ മാതാപിതാക്കളും എന്തിനും ഏതിനും കൂണുപോലെ മുളച്ച് പൊന്തിയ ജോതിഷാലയങ്ങളില്‍ അഭയം തേടുന്നവരും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകമാണ് പകിട പതിമൂന്നെന്ന് വിജയകുമാര്‍ പറഞ്ഞു.

റോമന്‍ കിം രചിച്ച 'ഹിരോഷിമയുടെ മകള്‍' എന്ന നോവലിന്റെ കരിവള്ളൂര്‍ മുരളി പുനരാഖ്യാനം ചെയ്ത 'സുമീക്കോ'യുടെ വായന അബ്ദുള്‍ ലത്തീഫ് മുണ്ടരി നടത്തി. ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ചതിലും പതിന്മടങ്ങ് ശക്തിയുള്ള ആയുധങ്ങള്‍ കുന്നുകൂടിയ പുതിയ ലോകത്ത് സര്‍വസംഹാരിയായ യുദ്ധത്തിനെതിരെ പോരാടുന്ന സമാധാന പ്രേമികള്‍ക്ക് സുമീക്കോ പ്രചോദനമാണെന്ന് അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

ഷെമിയുടെ 'നടവഴിയിലെ നേരുകള്‍' മുനീര്‍ കൊടുങ്ങല്ലൂര്‍ അവതരിപ്പിച്ചു. ആകുലതയുടെ കുത്തൊഴിക്കിലും സ്വന്തം ജീവിതത്തെ നിര്‍മ്മമമായി കാണാനും കാരുണ്യത്തോടെ സമൂഹത്തെകാണാനും ഷെമിക്കാകുന്നുവെന്ന് വായനാനുഭവത്തെക്കുറിച്ച് മുനീര്‍ പറഞ്ഞു.

തുടര്‍ന്ന് 'കഥയുടെ പുതിയകാലവും തീരവും' എന്ന വിഷയത്തില്‍ നടന്ന സര്‍ഗസംവാദത്തിന് നജിം കൊച്ചുകലുങ്ക് തുടക്കം കുറിച്ചു. എം. ഫൈസല്‍, ഷെരീഫ് സാഗര്‍, നൌഷാദ് കുനിയില്‍, അബൂബക്കര്‍ സിദ്ധീക്ക്, യൂസഫ് കൊച്ചന്നൂര്‍, രാം രാജ്, സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ജോസഫ് അതിരുങ്കല്‍, റഫീക്ക് പന്നിയങ്കര, നിജാസ്, സുബ്രഹ്മണ്യന്‍ ടി.ആര്‍. സതീശ്ബാബു, ഷമീര്‍ കുന്നുമ്മല്‍, ആര്‍. ശ്രീജു, തോമസ് തോപ്പില്‍, സഫ്തര്‍, ടി. ജാബിറലി, റാഷിദ് ഖാന്‍, മുഹമ്മദ് ശുഹൈബ്, രാജു ഫിലിപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. ബത്ഹയിലെ ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൌഷാദ് കോര്‍മത്ത് മോഡറേറ്ററായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍