യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി 'കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം' വിജയമായി
Thursday, September 3, 2015 5:21 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ് ഇടവക വര്‍ഷങ്ങളായി നടത്തിവരാറുള്ള 'കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം' ഈ വര്‍ഷവും ആഗസ്റ് 29 ശനിയാഴ്ച നടത്തി. അതിന്റെ ഭാഗമായി പ്രെയര്‍ ഫെല്ലോഷിപ്പ് വാര്‍ഷിക കുക്ക് ഔട്ട്, സ്കൂള്‍ കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ സാധനങ്ങള്‍, ബൈബിള്‍ എന്നിവ വിതരണം ചെയ്തു. അതോടൊപ്പം കളിപ്പാട്ടങ്ങള്‍, കരകൌെശല വസ്തുക്കളുടെ നിര്‍മ്മാണം, വിവിധ ഗ്രേഡുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉപയോഗിച്ച പുസ്തക വിതരണം എന്നിവയും നടന്നു.

ഇടവകയിലെ യുവജങ്ങളുടെ സംഘടനയായ എംജിഒസിഎസ്എം ഫോക്കസ് ഗ്രൂപ്പിന്റെ പരിശ്രമമാണ് ഈ സംരംഭത്തിന് ഉത്തേജനമേകിയത്. വര്‍ഷംതോറും നടത്തുന്ന ഈ പ്രവര്‍ത്തനം സമീപവാസികളുമായി ഇടവക ഇടപഴകുന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

രാവിലെ പത്തിനു വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കലിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച സംരംഭം വൈകീട്ട് നാലിനാണ് അവസാനിച്ചത്. സമീപവാസികള്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും, കൌണ്‍സില്‍ സെന്ററും, സൌജന്യ മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരുന്നു. ജാതിമതഭേദമന്യേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാനൂറില്‍പരം പേര്‍ ഈ പ്രോഗ്രാമില്‍ ഭാഗഭാക്കായി.

രോഗികള്‍ക്കും, കുടുംബപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. 35 വര്‍ഷമായി യോങ്കേഴ്സില്‍ സ്ഥിതിചെയ്യുന്ന ഈ ദേവാലയം സമീപവാസികള്‍ക്ക് ആത്മീയ ഉണര്‍വ്വ് നല്‍കുന്ന കാര്യം പലരും സാക്ഷ്യപ്പെടുത്തി. ഭൂരിഭാഗം പേരും മിഡില്‍ ഈസ്റില്‍ നിന്നുള്ള ക്രൈസ്തവ കുടിയേറ്റക്കാരും, സ്പാനിഷ് അമേരിക്കക്കാരുമാണ്.

സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഒട്ടനവധി വ്യക്തികള്‍ക്ക് ഉപയോഗപ്രദമായി. ഇടവകയിലെ അനേകം വിശ്വാസികളുടെ സഹായസഹകരണങ്ങള്‍ ഈ സംരംഭത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി. സമീപ ഇടവകകളില്‍ നിന്നുള്ള സഹകരണം പ്രഖ്യാപിച്ചുകൊണ്ട് റവ. ഫാ.ഡോ. രാജു വറുഗീസ് ഈ സംരംഭത്തില്‍ പങ്കാളിയായി.

ഇടവക വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍, സെക്രട്ടറി തോമസ് മാത്യു, ട്രഷറര്‍ ജോണ്‍ ഐസക് എന്നിവര്‍ ഈ മഹത്തായ സേവനത്തിന് നേതൃത്വം നല്‍കി. കുര്യാക്കോസ് തരിയന്‍, പി.ആര്‍.ഒ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ